UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസഹിഷ്ണുതയ്‌ക്കെതിരായ ശബ്ദമായിരുന്നു കേരളം; ഇവിടെയും പുസ്തകങ്ങള്‍ കത്തിക്കപ്പെടുന്നു: കമല്‍ഹാസന്‍

രാജ്യം ഇന്നത്തെ നിലയില്‍ എത്തിച്ചേരുമെന്ന് അന്നേ പറഞ്ഞ ചിത്രമായിരുന്നു ഹേ റാം. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സിനിമ എളുപ്പമല്ല. ഇപ്പോള്‍ എം.ടി വാസുദേവന്‍നായര്‍ക്കു നിര്‍മാല്യം എടുക്കാനാവുമോ എന്നുപോലും സംശയമുണ്ട്.

അസഹിഷ്ണുതയ്‌ക്കെതിരായ ശബ്ദമായിരുന്ന കേരളത്തില്‍ പോലും പുസ്തകങ്ങള്‍ കത്തിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത് രാജ്യത്ത് വളരുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് പ്രശസ്ത നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം ആകുലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ വിശ്വരൂപം 2ന്റെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹേ റാം തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തുറന്നുകാട്ടുന്ന സിനിമയാണ്. രാജ്യം ഇന്നത്തെ നിലയില്‍ എത്തിച്ചേരുമെന്ന് അന്നേ പറഞ്ഞ ചിത്രമായിരുന്നു അത്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സിനിമ എളുപ്പമല്ല. ഇപ്പോള്‍ എം.ടി വാസുദേവന്‍നായര്‍ക്കു നിര്‍മാല്യം എടുക്കാനാവുമോ എന്നുപോലും സംശയമുണ്ട്.

എസ് ഹരീഷിന്റെ ‘മീശ’ മീശ നോവല്‍ കത്തിച്ചത്തിലും അദ്ദേഹം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംഭവം തന്നെ അത്ഭുതപ്പെടുത്തി. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല. വിവേകമാണ് ഉണ്ടാകേണ്ടത്. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

നാലു വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ് വിശ്വരൂപം 2. നിരവധി രാഷ്ട്രീയകടമ്പകള്‍ കടന്നാണ് ഇപ്പോള്‍ റിലീസിംഗിനൊരുങ്ങിയത്. കാണണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് എടുക്കാറുള്ളത്. വിശ്വരൂപം 2 അത്തരത്തിലുള്ള ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10നാണ് വിശ്വരൂപം കേരളത്തില്‍ റിലീസ് ചെയ്യുക. ചിത്രത്തിലെ നായിക പൂജ കുമാര്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഇറാം ഗ്രൂപ്പ് ഡയറക്ടര്‍ ഹസന്‍ മുഹമ്മദ്, സംവിധായകന്‍ ജോഷി, സിനിമാതാരങ്ങളായ നാദിര്‍ഷ, രമ്യ നമ്പീശന്‍, പ്രിയ വാര്യര്‍, അനു സിത്താര, അന്ന രേഷ്മ രാജന്‍, അദിതി രവി, റോഷന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഷാംദ്, സാനു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗിബ്രാന്‍. അസ്‌കര്‍ പ്രൊഡക്ഷന്‍സ് കമലഹാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍