UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു, ഉപമുഖ്യമന്ത്രി, സ്പീക്കര്‍ പദവികള്‍ കോണ്‍ഗ്രസിന്

സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഭരണം പിടിച്ച കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവും സ്പീക്കര്‍ സ്ഥാനവും. സ്ഥാനത്തെത്തുന്ന പാര്‍ട്ടി പ്രതിനിധികളുടെ പേരുകളുടെ പ്രഖ്യാപനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നടത്തും. അതിനിടെ നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹില്‍ സോണിയയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇരുവരേയും നേരിട്ട് ക്ഷണിക്കുന്നതിനായാണ് കുമാരസ്വാമി ഡല്‍ഹിയിലെത്തിയത്. ചടങ്ങില്‍ ഇരുവരുടെയും സാന്നിധ്യം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. നാളെയാണ് കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്യാംപിനെ നയിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിഎസ്പി അധ്യക്ഷ മായാവതിയുമായും കുമാരസ്വാമി ഇന്നലെ കൂടിക്കാഴ്ച നടത്തി. കര്‍ണാടകയിലെ ജെഡിഎസ് സഖ്യകക്ഷിയാണ് ബിഎസ്പി.

അതേസമയം ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികളുടെ ശക്തി പ്രകടമാക്കുക ലക്ഷ്യമിടുന്ന ചടങ്ങില്‍ കുമാരസ്വാമിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. പിണറായി വിജയന് പുറമേ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍, ബിഎസ്പി അധ്യക്ഷ മായാവതി, ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍