UPDATES

“കര്‍ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉടന്‍” – കോണ്‍ഗ്രസുമായി സഖ്യമൊഴിയുമെന്ന സൂചനയുമായി ദേവ ഗൗഡ; പിന്നീട് തിരുത്തി

“അഞ്ച് വര്‍ഷം ഞങ്ങളെ മുഖ്യമന്ത്രി സ്ഥാനത്ത് പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ മനോഭാവം നോക്കൂ”.

കര്‍ണാടകയില്‍ ഉടന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന് ജനതാദള്‍ എസ് അധ്യക്ഷന്‍ എച്ച്ഡി ദേവ ഗൗഡ. ഒരു സംശയവും വേണ്ട, ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകും. അഞ്ച് വര്‍ഷം ഞങ്ങളെ മുഖ്യമന്ത്രി സ്ഥാനത്ത് പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ മനോഭാവം നോക്കൂ. ഞങ്ങളുടെ ആളുകള്‍ സ്മാര്‍ട്ടാണ് – ബംഗളൂരുവില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ ദേവഗൗഡ പറഞ്ഞു. അതേസമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ദേവ ഗൗഡ രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പാണ് ഉദ്ദേശിച്ചതെന്നും നിയമസഭ തിരഞ്ഞെടുപ്പല്ല എന്നും ദേവഗൗഡ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുണ്ടായത്. ഇരു പാര്‍ട്ടികളും ഒന്ന് വീതം സീറ്റുകളിലൊതുങ്ങി.

എന്റെ മകന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആളുകള്‍ എല്ലാം കാണുന്നുണ്ട്. അവരാണ് എന്നോട് വന്ന് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നും സഖ്യ സര്‍ക്കാരുണ്ടാക്കമെന്നും പറഞ്ഞത്. ഞാന്‍ എന്റെ ജോലി തുടരുന്നു. ആരെയും കുറ്റപ്പെടുത്താനില്ല. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ദേവഗൗഡ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുംകൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ട ദേവഗൗഡ പറഞ്ഞു. ഗൗഡയുടെ സിറ്റിംഗ് സീറ്റായ ഹാസനില്‍ നിന്ന് ജയിച്ച കൊച്ചുമകന്‍ പ്രജ്ജ്വല്‍ രേവണ്ണ മാത്രമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചത്. മറ്റൊരു കൊച്ചുമകനും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ നടി സുമലതയോട് പരാജയപ്പെട്ടിരുന്നു. ദേവഗൗഡയ്ക്ക് മത്സരിക്കാനായി ഹാസന്‍ സീറ്റില്‍ രാജി വയ്ക്കാന്‍ പ്രജ്ജ്വല്‍ രേവണ്ണ തയ്യാറായെങ്കിലും ദേവഗൗഡ ഇത് തള്ളിയിരുന്നു.

ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ രംഗത്തെത്തുകയും കുമാരസ്വാമി രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന വിവരിക്കാന്‍ വാക്കുകളില്ല എന്ന് വികാരാധീനനായി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ രൂക്ഷമായ വിഭാഗീയത മൂലം ലോക്‌സഭ തിരഞ്ഞെടുപ്പിന് വന്‍ തോല്‍വിക്ക് പിന്നാലെ ദേശീയ നേതൃത്വം പിസിസി പിരിച്ചുവിട്ടിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ കമല പരിപാടി വീണ്ടും ശക്തമാകുമെന്ന ആശങ്ക കോണ്‍ഗ്രസ്, ജെഡിഎസ് ക്യാമ്പുകളിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍