UPDATES

യെദിയൂരപ്പ വിശ്വാസ വോട്ട് തേടിയതിന് പിന്നാലെ കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി വച്ചു

സ്പീക്കറായുള്ള രമേഷ് കുമാറിന്റെ 14 മാസങ്ങള്‍ സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതും വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും സാക്ഷ്യം വഹിച്ചതുമാണ്.

ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി വച്ചു. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. ഇതിന് പിന്നാലെ ധനകാര്യ ബില്ലും നിയമസഭ പാസാക്കി. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ പ്രതിനിധിയായി സ്പീക്കറായ കെആര്‍ രമേഷ് കുമാര്‍ രാജി വച്ചത്. സ്പീക്കറായുള്ള രമേഷ് കുമാറിന്റെ 14 മാസങ്ങള്‍ സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതും വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും സാക്ഷ്യം വഹിച്ചതുമാണ്.

കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയ 17 എംഎല്‍എമാരെ അയോഗ്യരാക്കിയാണ് സ്പീക്കര്‍ പടിയിറങ്ങുന്നത്. 1996ലും അന്നത്തെ ജനതാദള്‍ സര്‍ക്കാരില്‍ സ്പീക്കറായിരുന്നു കെആര്‍ രമേഷ് കുമാര്‍. എന്നാല്‍ രമേഷ് കുമാര്‍ ശ്രദ്ധേയനായത് കഴിഞ്ഞ ഒന്നര മാസമായി കര്‍ണാടകയിലുള്ള രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് അവസാന നിമിഷം വരെ സ്പീക്കര്‍ പ്രവര്‍ത്തിച്ചു. വിമത എംഎല്‍എമാരുടെ രാജി അവസാനം വരെ അംഗീകരിച്ചില്ല. ഒരു സ്വതന്ത്രന്‍ അടക്കം 17 പേരെ അയോഗ്യരാക്കുകയും ചെയ്തു. തനിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വിമതര്‍ക്ക് സുപ്രീം കോടതിയില്‍ മറുപടി നല്‍കി. സ്പീക്കറാണ് എംഎല്‍എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എ്ന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നെ സ്പീക്കറായി താരം.

പിന്നീട് രസകരവും നര്‍മ്മം നിറഞ്ഞതുമായ രംഗങ്ങള്‍ക്ക് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചു. വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച മൂന്ന് ദിവസത്തേയ്ക്ക് നീട്ടി ഭരണപക്ഷം യെദിയൂരപ്പയുടേയും ബിജെപിയുടേയും ക്ഷമ പരീക്ഷിച്ചു. അര്‍ദ്ധരാത്രി വരെയൊക്കം സഭാ നടപടികള്‍ നീണ്ടു. രാത്രി ഒരു മണി വരെ ഇരിക്കേണ്ടി വന്നാലും കുഴപ്പമില്ല വിശ്വാസ വോട്ട് വേണമെന്ന് ആവശ്യപ്പെട്ട യെദിയൂരപ്പയോട് കാന്റീന്‍ അടച്ചു എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിനിയും നീട്ടിക്കൊണ്ടുപോകാനാവില്ല എന്ന് ഭരണപക്ഷത്തോട് പറഞ്ഞ സ്പീക്കര്‍ ഇടയില്‍ രാജി ഭീഷണിയും മുഴക്കിയിരുന്നു. ഇതേ സ്പീക്കര്‍ തന്നെയാണ് രാജി വച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട എന്ന് വിമത എംഎല്‍എമാരോട് പറഞ്ഞത്.

നല്ലൊരു വായനക്കാരനാണ് സ്പീക്കര്‍ രമേഷ് കുമാര്‍. പി സുന്ദരയ്യയേയും ജ്യോതി ബസുവിനേയും പോലുള്ള രാഷ്ട്രീയ നേതാക്കളുടെ മാന്യമായ പെരുമാറ്റം മാതൃകയാക്കണമെന്ന് എംഎല്‍എമാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനങ്ങളിലൊന്നില്‍ സ്പീക്കര്‍ രമേഷ് കുമാര്‍ ഇനി ആ ചുവപ്പ് ഷര്‍ട്ടുകാരന്‍ ചോദിക്കട്ടെ എന്നും ഈ സഭയില്‍ കമ്മ്യൂണിസ്റ്റുകാരില്ലല്ലോ എന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍