UPDATES

പെരിയ ഇരട്ടകൊലപാതകം: അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മേൽനോട്ടചുമതല കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിക്ക്, അട്ടിമറിയെന്ന് കോൺഗ്രസ്

കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതികളായ പീതാംബരന്‍, സജി എന്നിവരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അന്വേഷണസംഘത്തലവനെ മാറ്റിയത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തുടങ്ങി അഞ്ചാംനാള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തില്‍ അഴിച്ചുപണി. എസ്.പി വി.എം മുഹമ്മദ് റഫീഖിനെ മേല്‍നോട്ടച്ചുമതലയില്‍നിന്നു നീക്കി എറണാകുളത്തേക്കു മാറ്റി. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിനാണു പുതിയ മേല്‍നോട്ടച്ചുമതല. മേല്‍നോട്ടച്ചുമതലയില്‍ നിന്നു നീക്കിയെങ്കിലും മുഹമ്മദ് റഫീഖ് സംഘത്തില്‍ തുടരും. രണ്ട് ദിവസം മുമ്പ് കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റിയിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്റെയും ശരത്തിന്റെ അച്ഛന്‍ സത്യനാരായണയുടെയും മൊഴി എടുത്തതോടെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങാന്‍ ഇടയായതാണ് സ്ഥാനചലനത്തിന് കാരണമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നമാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടു ദിവസത്തിനകം സാബു മാത്യു ചുമതല ഏറ്റെടുത്തേക്കും.

കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതികളായ പീതാംബരന്‍, സജി എന്നിവരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അന്വേഷണസംഘത്തലവനെ മാറ്റിയത്. എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എസ്.പിയെ മടക്കി. കോട്ടയത്ത് കെവിന്‍ കൊലക്കേസ് അന്വേഷിക്കുന്നതിനിടെയാണ് മുഹമ്മദ് റഫീഖിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചത്. അത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യപ്രതി എ. പീതാംബരന്‍, ഡ്രൈവര്‍ സജി ജോര്‍ജ് എന്നിവരെ ചോദ്യംചെയ്യാനായി കാസര്‍കോട് ജെ.എഫ്.സി.എം കോടതിയില്‍ നിന്ന് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

പ്രതികളെ എസ്.പി ചോദ്യം ചെയ്യുന്നതായി അറിയിച്ചിരുന്നെങ്കിലും അദ്ദേഹം കാസര്‍കോട് ഉണ്ടായിരുന്നില്ല. ഡിവൈ.എസ്.പി പ്രദീപിനെ ചുമതലപ്പെടുത്തി എസ്.പി. നാട്ടിലേക്ക് പോവുകയായിരുന്നു.  കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടങ്ങി രണ്ടാം നാള്‍ ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ആര്‍.ബിയിലേക്കാണു സ്ഥലം മാറ്റിയത്. ഇതിനിടെ  സംഘത്തില്‍ രണ്ട് സി.ഐമാരെ ഉള്‍പ്പെടുത്തി . കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവിന് കേസിന്റെ മേല്‍നോട്ടച്ചുമതല നല്‍കിക്കൊണ്ടുള്ള ഡി ജി പിയുടെ ഉത്തരവിലാണ് കോട്ടയം സി.ഐ. രാജപ്പന്‍, പയ്യോളി സി ഐ. പി. നാരായണന്‍ എന്നിവരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കൊല നടന്ന പ്രദേശത്തെ കുറിച്ച് അറിവുള്ള ബേക്കല്‍ എസ് എച്ച് ഒ ആയി മുമ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥനെന്ന പരിഗണനയിലാണ് സി.ഐ പി. നാരായണനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ നീലേശ്വരത്ത് നിന്ന് പയ്യോളിയിലേക്ക് മാറ്റിയത്.

അതിനിടെ, അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. കൃത്യത്തില്‍ പങ്കെടുത്തെന്നു കരുതുന്ന രണ്ടുപേര്‍ രാജ്യംവിട്ടെന്നും കൊലപാതകത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും മുഖ്യ പ്രതികളുടെ വീട്ടിലെത്തി നിരവധിതവണ ചര്‍ച്ച നടത്തിയിരുന്നെന്നും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചു.  ആരോപണവിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്നും പരാതിയിലുണ്ട്. ഏഴു പ്രതികളെ കൂടാതെ 12 പേര്‍ക്കെതിരെ കൂടി കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ സി.പി.എം. ഉന്നത നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാനാണ് അന്വേഷണസംഘത്തില്‍ മാറ്റംവരുത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനെയല്ല, ഏജന്‍സിയെയാണു മാറ്റേണ്ടതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മേല്‍നോട്ടച്ചുമതലയില്‍നിന്നു തന്നെ മാറ്റിയത് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണെന്നും മാറ്റം താന്‍ ആവശ്യപ്പെട്ടിട്ടാണെന്നും എസ്.പി വി.എം മുഹമ്മദ് റഫീഖ് പറഞ്ഞു.

കഴിഞ്ഞ മാസം 25 മുതലാണ് മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനില്‍ അവസാനിക്കുന്നതായിരുന്നു പോലീസ് അന്വേഷണം. എന്നാല്‍ ക്രൈബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് നീണ്ടു. അന്വേഷണം ആരംഭിച്ച് ആദ്യം ദിവസം തന്നെ കൊല്ലപ്പെട്ട കൃപേഷിന്‌റെയും ശരത് ലാലിന്റെയും വീടുകളിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. പ്രാദേശിക സിപിഎം നേതാവും ക്വാറി ഉടമയുമായ ശാസ്താ ഗംഗാധരന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയം കുടുംബാംഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചു. ശാസതാ ഗംഗാധരന്റെ നാല് വാഹനങ്ങളാണ് കൊലയാളി സംഘം ഉപയോഗിച്ചതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. അതോടെ ഈ വഴിക്കും അന്വേഷണം നീങ്ങി. ഉദുമ ഏരിയാ സെക്രട്ടറി, പള്ളിക്കര ബ്രാഞ്ച് സെക്രട്ടറി എന്നിവരിലേക്കും അന്വേഷണം നീണ്ടതോടെയാണ് എസ് പിയ്‌ക്കെതിരെ സിപിഎം തിരിഞ്ഞതെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12-നാണ് രാഹുല്‍ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍