UPDATES

കാശ്മീർ: വിദ്യാലയങ്ങളുൾപ്പെടെ തിങ്കളാഴ്ച തുറക്കുമെന്ന് സർക്കാർ, 370ാം വകുപ്പ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത ഹർജിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ചീഫ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

കാശ്മീരിന്റെ പ്രത്യേക പദവികൾ ഇല്ലാതാക്കി അനുച്ഛേദം 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിൽ ഹർജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഹർജി പരിഗണിക്കാൻ പോലും അർഹമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. കാശ്മീർ വിഷയത്തിൽ സമർപ്പിക്കപ്പെട്ട മറ്റു ഹര്‍ജികളിലും വ്യക്തമാക്കിയ സുപ്രീം കോടതി മാധ്യമവിലക്ക് ഉൾപ്പെടെയുള്ള മറ്റു ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാൽ തീയതി അറിയിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദവുമായി അഭിഭാഷകനായ എം.എൽ.ശർമ നൽകിയ ഹർജിയിക്കെതിരെ ആയിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്ത് ഹർജിയാണ് താങ്കൾ സമര്‍പ്പിച്ചത്. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ചീഫ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ജമ്മു കശ്മീരിൽ നിന്നുള്ള നാഷണൽ കോൺഫറൻസ് പാർട്ടിയും സമാനമായ ഹർജി നൽകിയിരുന്നു.

എന്നാൽ, കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ട് വരികയാണെന്നും നിയന്ത്രണങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നീക്കുമെന്ന് കേന്ദ്ര സര്‍ക്കാറിനായി കോടതിയിൽ ഹാജരായ സോളിസിറ്റി ജനറൽ തുഷാർ മേത്ത അറിയിച്ചു. നിയന്ത്രണങ്ങൾക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്. സുപ്രീം കോടതി സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം വിലക്കപ്പെട്ടെന്ന ആരോപണങ്ങളും കേന്ദ്ര സർക്കാർ നിഷേധിച്ചു. കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിൻ നൽകിയ ഹർജിക്ക് മറുപടിയായാണ് മാധ്യമവിലക്കെന്ന ആരോപണത്തെ സർക്കാർ പ്രതിരോധിച്ചത്. കശ്മീർ ടൈംസ് ജമ്മുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത് അവിടെ നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. കശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണ്. അതിനാൽ പത്രത്തിന്റെ പ്രാദേശിക പ്രസിദ്ധീകരണവും റിപ്പോർട്ടിങ്ങും പ്രതിസന്ധിയിലാണെന്നുമായിരുന്നു അനുരാധ ബാസിൻ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍