UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കി പാകിസ്താന്‍, ഉഭയകക്ഷി വ്യാപാരം മരവിപ്പിച്ചു; പുല്‍വാമ ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ്

യുഎന്നിനെ സമീപിക്കാനും ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിച്ചുരുക്കാനും തീരുമാനം

ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാധികാര പദവി എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്താന്‍. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം മരവിപ്പിക്കാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കാശ്മീര്‍ പ്രശ്‌നം വീണ്ടും ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനും പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കാശ്മീര്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. അതേസമയം, വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

നിയുക്ത ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാകിസ്താനില്‍ ചുമതലയേല്‍ക്കേണ്ടതില്ലെന്നും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്താനിലും പാക് പ്രതിനിധികള്‍ ഇന്ത്യയിലുമുണ്ടാകില്ല എന്നും വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. എആര്‍വൈ ന്യൂസിനോടാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്താനിലെ ഡോണ്‍ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനും ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കാനും എന്‍ എസ് സി യോഗം തീരുമാനിച്ചു. പാകിസ്താന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളായ നാഷണല്‍ അസംബ്ലിയിലും സെനറ്റിലും കാശ്മീരിലെ ഇന്ത്യ ഗവണ്‍മെന്റിന്റെ നടപടി സംബന്ധിച്ച് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ത്യയുടെ നടപടി പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ കൂട്ടാന്‍ ഇടയാക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനു കാരണമായേക്കുമെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവിയും അവകാശങ്ങളും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370യും 35എയും പിന്‍വലിച്ച നടപടിയും കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടിയും വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കാശ്മീര്‍ പുനസംഘടനാ ബില്‍, സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാണ് ആദ്യം പാസാക്കിയത്. ലോക്‌സഭയിലും പിന്നീട് പാസാക്കി. ജമ്മു കാശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയാണ് വിഭജിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍