UPDATES

പ്രളയം 2019

പള്ളിയിൽ പോസ്റ്റ്‌മോർട്ടം; കവളപ്പാറയിൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം നടന്നത് ബസ് സ്റ്റാൻഡിൽ

മുജാഹിദ് പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടപടികൾ നടത്തുന്നതിനായി വിട്ടുകൊടുത്തിരുന്നത്.

മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് മുജാഹിദ് പള്ളിയിലെ ഇന്നലത്തെ ജുമുഅ നമസ്കാരം നടന്നത് തെരുവിൽ. കവളപ്പാറയിൽ നിന്നും ഇന്നസം നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുമ്പോൾ പള്ളിയെ വിട്ടുകൊടുത്ത് ബസ്‌സ്റ്റാൻഡിൽ മുസല്ല വിരിച്ചായരുന്നു പോത്തുകല്ല് ഗ്രാമം പ്രാർത്ഥന നടത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

പള്ളി പോസ്റ്റുമോർട്ടം നടത്താൻ വിട്ടുനൽകിയ മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയാണ് ജുമുഅ പുറത്തേക്കു മാറ്റുന്നതിനും മുൻകയ്യെടുത്തത്. ബസ്‌സ്റ്റാൻഡിലെ പന്തലിൽനടന്ന നമസ്കാരത്തിനായി സ്ത്രീകളുൾപ്പെടെ അണിനിരന്നു. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറും ജുമുഅ നമസ്കാരത്ത് പങ്കെടുത്തു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണമാകുന്നതെന്നായരുന്നു ഇമാം സി.എച്ച്. ഇഖ്ബാൽ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പങ്കുവച്ചത്.

മുജാഹിദ് പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടപടികൾ നടത്തുന്നതിനായി വിട്ടുകൊടുത്തിരുന്നത്. ഈ വിവരം അഴിമുഖം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read- അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

അപകടം നടന്നയിടത്തു നിന്നും 60-65 കിലോമീറ്റര്‍ ദൂരമുണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയതിനാലും ഇനിയും പലരെയും കണ്ടുകിട്ടാനുള്ളതിനാലും സംഭവസ്ഥലത്ത് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുകയായിരുന്നു. തെരച്ചില്‍ അവസാനിക്കുന്നത് വരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരും ജീവനക്കാരുമാണ് നടപടികളുമായി മുന്നോട്ട് പോവുന്നത്.

പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളി വിട്ട് നൽകയതിനെ നാടൊട്ടുക്ക് അഭിനന്ദിക്കുമ്പോഴും അതിൽ ഒട്ടും അത്ഭുതമില്ല പ്രദേശവാസികൾക്ക്. വർഷങ്ങള്‍ക്ക് മുൻപ് ഒരു മഴക്കാലത്ത് നാട്ടുകാരനായ പ്രഭാകരൻ മരിച്ചപ്പോൾ ഈ പള്ളിയിലെ മയ്യത്തുകട്ടിലിലാണ് ഉപയോഗിച്ചത്. അതും ’പുതുതായി വാങ്ങിയ കട്ടിലായിരുന്നു അതെന്ന് നാട്ടുകാനായ ചെറുനാലകത്ത് ബീരാൻകുട്ടി ഓർക്കുന്നു. ഇതിന് പുറമെയാണ് പള്ളിയിലെ സേവാ ഭാരതി പ്രവര്‍ത്തകരുടെ സാന്നിധ്യം. പോസ്റ്റുമോർട്ടത്തിനെത്തുന്ന മൃതദേഹങ്ങൾ കുളിപ്പിക്കാൻ സേവാഭാരതി മറ്റുള്ളവർക്കൊപ്പം മസ്ജിദിലുണ്ട്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ. ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി ഇവിടെ നിലകൊള്ളുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍