വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്.
മഴക്കെടുതിയുടെ ഭീകരമുഖമായി മാറിയ കവളപ്പാറയിലെ ഉരുൾപൊട്ടൽ മനുഷ്യനിർമിതമാണെന്ന് നാട്ടുകാര്‍. ഉരുൾപൊട്ടലുണ്ടായ കുന്നിൻ മുകളിൽ റബ്ബർ കൃഷിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചരുന്നെന്നും, എന്നാൽ അവഗണിച്ച് കൃഷിയുമായി മുന്നോട്ട് പോവുകയായിരുന്നെന്നും നാട്ടുകാരെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മണ്ണമാന്തി യന്ത്രം ഉപയോഗിച്ചത് മൂലം വലിയ തോതിൽ മണ്ണി് ഇളക്കം തട്ടുകയും ഇതുമൂലം മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ പറയുന്നു. മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഉരുൾപൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബർതൈകൾ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അതിനിടെ മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് വിലയിരുത്തൽ. അതേസമയം, കവളപ്പാറയിൽ ഇന്ന് രണ്ട് തവണ ഉരുൾപൊട്ടി. രക്ഷാപ്രവർത്തനം നടത്തിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പ്രദേശത്തു നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്.