UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ കേരളം സൃഷ്ടിക്കും; 30 ന് പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രി

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരിത ബാധിതരില്‍ നിന്നും വായ്പ ഈടാക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ജനങ്ങളുടെ ദുരിതം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയ ശേഷം കേരളത്തെ പഴയപടി പുനസ്ഥാപിക്കുകയല്ല പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തെ പുനരുദ്ധരിക്കാന്‍ 10,500 കോടി കമ്പോളങ്ങളില്‍ നിന്നും അധികമായി സമാഹരിക്കും. ഇതിന്റെ ഭാഗമായി വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മുന്നു ശതമാനമാണ് വായ്പാ പരിധി. ഇത് 4.5 ആയി ഉയര്‍ത്തമെന്നാണ് ആവശ്യപ്പെടുക. ചരക്കു സേവന നികുതിക്ക് പുറമെ 10ശതമാനം സെസ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരിന്നു അദ്ദേഹം.

സംസ്ഥാനത്തെ ദുരിതം നേരിടാന്‍ യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ (100 മില്ല്യണ്‍ ഡോളര്‍) സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യുഎഇയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം എ യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യുഎഇ സര്‍ക്കാര്‍ അറിയിച്ചത്.

പ്രളയത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും, പുനരധിവാസം ദുരിതാശ്വാസം എന്നിവ ചര്‍ച്ചചെയ്യുന്നതിനായി ഓഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. സഭ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം അറിയിച്ചു.

പ്രളയദുരിതം ബാധിച്ച ഇടങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും കൃഷി കൃഷ ജലസേചനം തുടങ്ങിയവ പുനസ്ഥാപിക്കുന്നതിവും നബാര്‍ഡിന്റെ സഹായം തേടും. ഇതിനി പുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി പത്യേക പാക്കേജുകള്‍ ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 2600 കോടിയുടെ പ്രത്യേക പാക്കേജ് ആണ് ആവശ്യപ്പെടുക.

അതേസമയം,  പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വീകരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍