UPDATES

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു, ജോസ് കെ മാണി ചെയര്‍മാന്‍

സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ട് എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ് കെ മാണിയെ ചെയര്‍മാനായി സമാന്തര സമ്മേളനം തിരഞ്ഞെടുത്തു. ഇതോടെയാണ് പിജെ ജോസഫിന്റേയും ജോസ് കെ മാണിയുടേയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങളായി പാര്‍ട്ടി പിളര്‍ന്നിരിക്കുന്നത്. ഔദ്യോഗിക പക്ഷം തങ്ങളാണ് എന്ന് താല്‍ക്കാലിക ചെയര്‍മാന്‍ പിജെ ജോസഫിന്റെ വിഭാഗം അവകാശപ്പെടുന്നു. കെഎം മാണിയുടെ വിശ്വസ്തനായിരുന്ന സിഎഫ് തോമസ്, പിജെ ജോസഫിന് ഒപ്പമാണ് നിലവില്‍. ബദല്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സിഎഫ് തോമസ് പങ്കെടുത്തില്ല.

സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ട് എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം.
ഭൂരിഭാഗം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണ് എന്നും ജോസ് കെ മാണി പറയുന്നു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം അഞ്ച് എംഎല്‍എമാരില്‍ രണ്ട് പേര്‍ മാത്രമാണ് ഇന്നത്തെ ബദല്‍ യോഗത്തില്‍ പങ്കെടുത്തത്. ബദല്‍ യോഗം പാര്‍ട്ടി വിരുദ്ധമാണ് എന്ന് പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസഫ് വിഭാഗക്കാരായ മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ ജോസഫിനൊപ്പം നില്‍ക്കുന്നുണ്ട്. നിയമസഭ കക്ഷി നേതാവായി ജോസഫിനെ അംഗീകരിക്കാന്‍ തയ്യാറാണ് എന്നാണ് ജോസ് കെ മാണി പറയുന്നത്. സിഎഫ് തോമസിനെ ചെയര്‍മാന്‍ ആക്കിയാലും ജോസ് കെ മാണിയെ ചെയര്‍മാനാക്കുന്നത് അംഗീകരിക്കാനാകില്ല എന്ന് പിജെ ജോസഫ് പറയുന്നു.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പിജെ ജോസഫ് ആണ് പാര്‍ട്ടി ചെയര്‍മാന്‍ എന്നാണ് അവകാശപ്പെട്ടിരുന്നത്. മാണി ഗ്രൂപ്പുകാരനായിരുന്ന സംഘടനാ സെക്രട്ടറി ജോയ് എബ്രഹാമാണ് ജോസഫ് ആണ് ചെയര്‍മാന്‍ എന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്ന് ആരോപിച്ച് ജോസ് കെ മാണി വിഭാഗക്കാരനായ റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയുടെ മരണത്തെ തുടര്‍ന്നാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്ന പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാന്‍ ആക്കിയത്. കെഎം മാണി ജീവിച്ചിരിക്കെ തന്നെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അസ്വാരസ്യം പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരുന്നു. പിജെ ജോസഫ് തനിക്ക് ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഇത് ഗൗനിക്കാതിരുന്ന കെഎം മാണി ഒരു സീറ്റ് അധികമായി മുന്നണി നേതൃത്വത്തോട് ചോദിക്കാന്‍ തയ്യാറായില്ല. അതൃപ്തി വ്യക്തമാക്കിയെങ്കിലും പിജെ ജോസഫ് പാര്‍ട്ടി വിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍