വട്ടിയൂർകാവ് മണ്ഡലത്തിലെ നിലവിലെ സാമുദായിക പരിഗണന ഉൾപ്പെടെ എല്ലാം മറികടന്നാണ് മേയർ വി കെ പ്രശാന്ത് എന്ന യുവ നേതാവ് സ്ഥാനാർത്ഥിത്വത്തിലേക്ക് കടന്ന് വരുന്നത്.
അടുത്തമാസം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് സ്ഥാനാർത്ഥിയാവും. സിപിഎം സംസ്ഥാന നേതൃത്വമാണ് വി കെ പ്രശാന്തിന്റെ പേര് നിര്‍ദേശിച്ചത്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യും.
എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായൊരു തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റ് എടുക്കില്ലെന്നാണ് റിപ്പോർട്ട്. എൽഡിഎഫ് കണ്‍വീനർ എ വിജയ രാഘവനാണ് ജില്ലാ സെക്ട്രട്ടേറിയേറ്റില്‍ തീരുമാനം അറിയിച്ചത്. ജില്ലാ സെക്ട്രട്ടേറിന് ശേഷം നടക്കുന്ന മണ്ഡലം കമ്മിറ്റിയോഗവും നിർദേശം ചർച്ച ചെയ്യും ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.
വട്ടിയൂർകാവ് മണ്ഡലത്തിലെ നിലവിലെ സാമുദായിക പരിഗണന ഉൾപ്പെടെ എല്ലാം മറികടന്നാണ് മേയർ വി കെ പ്രശാന്ത് എന്ന യുവ നേതാവ് സ്ഥാനാർത്ഥിത്വത്തിലേക്ക് കടന്ന് വരുന്നത്. മേയർ എന്ന നിലയിൽ നാലുവർഷം പ്രശാന്ത് കാഴ്ചവച്ച മികച്ച ഭരണ പാടവവും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത ജന പിന്തുണയുമാണ് വികെ പ്രശാന്തിന് അനുകൂലമായത്. വി.കെ.പ്രശാന്തിന് പുറമെ ആർക്കിടെക്ട് ജി. ശങ്കർ, വി.കെ. മധു എന്നിവരെയാണ് എൽഡിഎഫ് പരിഗണിച്ചിരുന്നത്.
ബിജെപിയുടെ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ് എന്നിവർക്ക് പുറമെ വി.വി.രാജേഷ്, എസ്.സുരേഷ്, എം.എസ്. കുമാർ എന്നിവരെ എൻഡിഎയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എൻ പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമീഷൻ അംഗം കെ മോഹൻകുമാർ എന്നിവരടക്കം ആറുപേരാണ് യുഡിഫ് പരിഗണിക്കുന്നത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യൂത്ത് കോൺഗ്രസ് നേതാവ് ആർ വി രാജേഷ്, ശാസ്‌തമംഗലം മോഹൻ എന്നിവരാണ് മറ്റുള്ളവര്‍.
എന്നാൽ പീതാംബരകുറുപ്പിനെ പ്രാദേശിക നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഇന്ദിരാ ഭവനിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പങ്കെടുക്കാനെത്തിയ മുതിർന്ന നേതാക്കളോട് പീതാംബരകുറുപ്പിനെതിരെ പരസ്യമായി പ്രതികരിക്കാനും പ്രവർത്തകർ തയ്യാറാവുന്നുണ്ട്.