UPDATES

ഒരുമാസത്തിനിടെ സംസ്ഥാനത്ത് കത്തിനശിച്ചത് 410 ഏക്കർ വനഭൂമി; വരാനിരിക്കുന്ന കൊടും വേനൽ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിൽ വനംവകുപ്പ്

മണ്ണാർക്കാട് മേഖലയിൽ മാത്രം 180 ഏക്കറിലധികം പ്രദേശത്താണ് കാട്ടുതീ പടർന്നത്.

വേനലാരംഭിച്ചതിന് പിറകെ സംസ്ഥാനത്ത് വ്യാപകമായ തീപ്പിടിത്തങ്ങളിൽ  ഒരുമാസത്തിനിടെ നശിച്ചത് 410 ഏക്കർ വനഭൂമിയെന്ന് കണക്കുകൾ. പൂർണമായ തോതില്‍ നാശം സംഭവിച്ച് വനഭൂമിയുടെ കണക്കാണിത്. ഭാഗികമായി തീപ്പിടിത്തം ഉണ്ടായിട്ടുള്ള പ്രദേശങ്ങൾ കൂടികണക്കാക്കുമ്പോൾ നാശം പതിൻമടങ്ങ് വർധിക്കുമെന്നുമാണ് റിപ്പോർട്ട്. അതേസമയം, മാസങ്ങൾക്കുമുൻപ് സംസ്ഥാനത്തുണ്ടായ കനത്ത പ്രളയം തീപ്പിടിത്തിന് കൂടുതൽ സാഹചര്യമുണ്ടാക്കിയെന്നും വനം വകുപ്പിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിനിടെ വനങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജലാശയങ്ങളിലെ ഒഴുക്കുനിലച്ചതും ഉറവകൾ വറ്റിയതുമാണ് തീ വലിയ തോതിൽ പടർന്നുപിടിക്കാൻ കാരണമായതെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിനിടെ സംസ്ഥാനത്തെ വനങ്ങളിലുണ്ടായത് 150 ഉരുൾപൊട്ടലുകളാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

പത്തുവർഷത്തിനിടെ ആദ്യമായാണ് കാട്ടുതീ വ്യാപകമായി പടർന്ന് പിടിച്ചിട്ടുള്ളത്. ഏറ്റവും അധികം നാശം സംഭവിച്ച മണ്ണാർക്കാട് മേഖലയിൽ മാത്രം 180 ഏക്കറിലധികം പ്രദേശത്താണ് കാട്ടുതീ പടർന്നത്. ഇതിൽപെടുന്ന അഗളി, അട്ടപ്പാടി റെയ്‌ഞ്ചുകൾക്ക് കീഴിലുള്ള പുൽമേടുകൾ, വരണ്ട ഇലപൊഴിയും കാടുകൾ, മുൾക്കാടുകൾ എന്നിവയെയാണ് തീപ്പിടിത്തം അധികവും ബാധിച്ചത്. വയനാടൻ കാടുകളിലും തീപ്പിടിത്തം വ്യാപകമാണ്. ഇതിന് മുൻപ് വരൾച്ച രൂക്ഷമായ 2016ൽ കാട്ടുതീയിൽ 150 ഏക്കർ വനം കത്തിനശിച്ചെന്നാണ് കണക്കുകൾ. എന്നാൽ 2017-ൽ ഇത് 138 ഏക്കറിലായി കുറഞ്ഞു. വേനൽ കനക്കുകയും വരുംദിവസങ്ങളിൽ ചൂടുകൂടുയും ചെയ്യുന്ന സാഹചര്യത്തിൽ തീപ്പിടിത്തം കൂടുതൽ ഭാഗങ്ങളിൽ വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാട്ടുതീയെ നേരിടാൻ വനത്തിലെ ജലസാന്നിധ്യം വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വനം വകുപ്പ്. ഇതിന്റെ ഭാഗമായി ഇതുവരെ വനങ്ങളിലെ വിവിധ ഭാഗങ്ങളിൽ 350 ചെറുജലസംഭരണികൾ നിർമിച്ചിട്ടുണ്ടെന്നും കാട്ടുതീ ഉണ്ടായാൽ വേഗത്തിൽ വിവരമറിയുന്നതിനും സ്ഥലത്തെത്തി തീയണയ്ക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും വനം മന്ത്രി കെ. രാജു പറയുന്നു.

അതേസമയം, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ വരുന്ന മാറ്റത്തിന്റെ ഭാഗമാണ് ചൂടേറ്റവും എന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രമാതീതമായി ചൂട് വര്‍ധിച്ചു വരുകയാണ്. ഇത്തവണ അത് തീക്ഷ്ണമാവാനുള്ള സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുലാമഴയിലെ വലിയ കുറവും കടല്‍ക്കാറ്റില്‍ വന്ന വ്യത്യാസവുമാണ് ഇത്ര നേരത്തെ കനത്ത ചൂടിലേക്ക് കേരളത്തെ തള്ളിവിട്ടതെന്ന് ഇവര്‍ പറയുന്നു. തുലാമഴയില്‍ പത്ത് ശതമാനം കുറവ് വന്നതിന് പിന്നാലെ ജനുവരി മുതല്‍ ഒറ്റയ്ക്കും തുടര്‍ച്ചയായും ലഭിക്കേണ്ട മഴയിലും 27 ശതമാനത്തിന്റെ കുറവുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഴ ഒട്ടും തന്നെ ലഭിച്ചിട്ടില്ല എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. തൊട്ടുതാഴെ ആലപ്പുഴ ജില്ലയാണ്. 91 ശതമാനം കുറവ് മഴയാണ് ആലപ്പുഴയില്‍ ലഭിച്ചത്. തിരുവനന്തപുരത്ത് 63, കൊല്ലത്ത് 52, കോട്ടയം 44, എറണാകുളം 73, തൃശൂര്‍-42, പാലക്കാട്-32, മലപ്പുറം-86 ശതമാനം മഴ കുറവ് ലഭിച്ചതായാണ് കണക്കുകള്‍. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാടും സാധാരണത്തേതിലും അധികം മഴയും ലഭിച്ചു. അതിനാല്‍ അവിടങ്ങളില്‍ താപനിലയില്‍ വലിയ ഉയര്‍ച്ചയുണ്ടായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ  ചൂട് കൂടുക മാത്രമല്ല ചൂടിന്റെ കാഠിന്യം അനുഭവപ്പെടുക കൂടി ചെയ്യുന്നുണ്ട്. അതിന്റെ കാരണം ആര്‍ദ്രത കുറഞ്ഞ് നില്‍ക്കുന്നതാണെന്ന്  വിദഗ്ദരുടെ വിലയിരുത്തൽ. അന്തരീക്ഷത്തിലെ ഈര്‍പ്പം 71 ശതമാനമാണ് നിലവില്‍ കണക്കാക്കുന്നത്. കടല്‍ താപനില 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് നില്‍ക്കുന്നു. ഇവ രണ്ടും ശരാശരിയിലും ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചൂടിന്റെ പൊള്ളല്‍ അനുഭവപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. കാറ്റിന്റെ വേഗതയിലും കുറവ് വന്നിട്ടുണ്ട്. വരും മാസങ്ങളില്‍ കേരളം അനുഭവിച്ചിട്ടില്ലാത്ത വിധം ചൂട് ഏറാനുള്ള സാധ്യതയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍-നിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നത് പോലെ രാജ്യത്തെ ബാധിച്ചാല്‍ അത് കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൂട് കൂടുതലാവുകയും മണ്‍സൂണ്‍ വളരെ കുറവ് ലഭിക്കുകയും ചെയ്ത 2015ലെ എല്‍-നിനോ കാലത്തിലും കനത്ത പ്രഹരം ഇത്തവണയുണ്ടായേക്കുമെന്നതാണ് കാലാവസ്ഥാ നിരീക്ഷകരുടെ ആശങ്ക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍