UPDATES

ന്യൂസ് അപ്ഡേറ്റ്സ്

480 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന് പിണറായി വിജയൻ മറുപടി പറയണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലുപ്പള്ളി

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിശോധിച്ചിട്ട് കൂടുതലായി പ്രതികരിക്കാമെന്നായിരുന്നു വിഷയത്തിൽ ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിറകെ സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനൊങ്ങുകയാണ് പ്രതിപക്ഷം എന്നതിന്റെ വ്യക്തമായ സൂചനകളാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍ തന്നെ അവരുടെ ഘാതകരായെന്ന ആരോപണം പൂര്‍ണ്ണമായും ശരി വയ്ക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ പേരിൽ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രളയത്തിന്റെ ആഘാതം കൂട്ടിയ പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മനുഷ്യനിര്‍മ്മിതമാണ് പ്രളയമെന്ന് തുടക്കം മുതല്‍ കെ.പി.സി.സിയുടെ അഭിപ്രായം. വസ്തുകള്‍ പഠിച്ചുകൊണ്ടും വിദഗ്ധന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷവുമാണ് ഇത്തരമൊരു അഭിപ്രായത്തില്‍ കോണ്‍ഗ്രസ്സ് എത്തിയത്. പ്രളയം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പോഴും ഈ മഹാദുരന്തത്തിന്റെ ഇരകള്‍ സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെ നരകിക്കുകയാണ്. ജനങ്ങളെ ഇങ്ങനെയൊരു മഹാദുരന്തത്തിലേക്ക് തള്ളിവിട്ട എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്യണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലൂടെ പ്രളയകാലത്ത് യുഡിഎഫ് സ്വീകരിച്ച നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാരിന്‍റെ കഴിവില്ലായ്മയും പിടിപ്പുക്കേടുമാണ് ഇത്ര വലിയ ദുരുന്തത്തിന് വഴി തെളിയിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് പറയുന്നത്. 480 പേരുടെ ജീവനെടുത്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് എന്ന് വ്യക്തമാണ്. വിഷയത്തിൽ അടിയന്തിരമായി പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ, അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിശോധിച്ചിട്ട് കൂടുതലായി പ്രതികരിക്കാമെന്നായിരുന്നു വിഷയത്തിൽ ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്. ചിലത് സര്‍ക്കാരിനും പറയാനുണ്ട്. അതും കോടതിയില്‍വരുമല്ലോ അതിനൊക്കെ ശേഷമല്ലേ അന്തിമവിധി വരിക അപ്പോള്‍ നോക്കാമെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സർക്കാരിന്റെ അപക്വമായ ഇടപെടലാണ് പ്രളയമുണ്ടാവാൻ കാരണമെന്നും സർക്കാർ സംവിധാനങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ മർപ്പിക്കപ്പെട്ട 16 ഹർജികൾ പരിശോധിക്കുന്നതിനാണ് ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.
അഭിഭാഷകൻ ജേക്കബ് പി. അലക്സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികൾ പരിഗണിച്ചു വിശദമായ പഠനങ്ങൾക്കുശേഷമാണ് സർക്കാറിനെ പ്രതിട്ടിലാക്കി ജേക്കബ് പി. അലക്സ് ഇന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍