UPDATES

പ്രളയം: അമിക്കസ്ക്യൂറി റിപ്പോർട്ട് തള്ളി സർക്കാർ, ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

അപ്രതീക്ഷിതമായുണ്ടായ അതിവർഷമാണ് പ്രളയത്തിന് കാരണം. ശാസ്ത്രീയപഠനങ്ങൾ തള്ളിയ നിഗമനങ്ങളാണ് അമിക്കസ്ക്യുറി റിപ്പോർട്ടിലുള്ളത്.

കേരളത്തിലെ പ്രളയം ഡാം മാനേജ് മെന്റിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ അമിക്കസ്ക്യുറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. റിപ്പോർട്ട് ശാസ്ത്രീയമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ നിലപാട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലം സർക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ചു.

അപ്രതീക്ഷിതമായുണ്ടായ അതിവർഷമാണ് പ്രളയത്തിന് കാരണം. ശാസ്ത്രീയപഠനങ്ങൾ തള്ളിയ നിഗമനങ്ങളാണ് അമിക്കസ്ക്യുറി റിപ്പോർട്ടിലുള്ളത്. ഡാം മാനേജ്മെന്റിൽ പിഴവില്ലെന്നും സർക്കാർ സത്യവാങ്ങ് മുലത്തിൽ വ്യക്തമാക്കുന്നു. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്‌. മഴയുടെ വരവ് കണക്കാക്കിയതിലും പാളിച്ച പറ്റി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രളയം ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്‌മെന്റ് വിദഗ്ദ്ധരും വേണം. 2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി ഉൾപ്പെടെ ആ സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപ്പോർട്ട്. റിപ്പോർട്ട് അന്തിമമാണെന്ന പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍