UPDATES

ട്രെന്‍ഡിങ്ങ്

കേരള പോലീസിന്റെ തൊപ്പി ‘തെറിക്കും’

കടുത്ത ചൂടുകാലത്ത് പി തൊപ്പി ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൂടി പരിഗണിച്ചാണ് ബറേ തൊപ്പിയിലേക്കു മാറുന്നത്.

കേരള പോലീസിന്‍റെ തൊപ്പി മാറുന്നു. ഇപ്പോള്‍ ധരിക്കുന്ന പി (pea) തൊപ്പികള്‍ക്കു പകരം ബറേ തൊപ്പികളാണ് വരാന്‍ പോകുന്നത്. നിലവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഈ തീരുമാനം നടപ്പിലാകുന്നതോടുകൂടി സിപിഒ മുതല്‍ സിഐ വരെയുള്ളവര്‍ക്കുകൂടി ബറേ തൊപ്പിലഭിക്കും.

താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് കറുപ്പും എസ്‌ഐ, സിഐ റാങ്കിലേക്കുള്ളവര്‍ക്കു നേവി ബ്ലൂ തൊപ്പിയുമാണ് ലഭിക്കുക. ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് റോയല്‍ ബ്ലൂ നിറത്തിലുള്ള തൊപ്പി തന്നെ തുടരും. ഡിജിപി ലോക്‌നഥ് ബഹ്രയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.

സംഘര്‍ഷ മേഖലകളിലും മറ്റും നടപടിക്രമങ്ങളിലേക്കു കടക്കുമ്പോള്‍ തൊപ്പി വീണുപോകുന്നത് പതിവാണെന്നും ഇതു സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരാറുണ്ടെന്നും കേരളാ പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും നേരത്തെ തന്നെ അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്ത് പി തൊപ്പി ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൂടി പരിഗണിച്ചാണ് ബറേ തൊപ്പിയിലേക്കു മാറുന്നത്.

മൂന്നാം തവണയാണ് പോലീസുകാരുടെ തൊപ്പിമാറുന്നത്. പണ്ടുകാലത്തുണ്ടായിരുന്ന നീളന്‍ കൂര്‍ത്ത തൊപ്പിയില്‍ നിന്നും ബ്രിട്ടീഷുകാരുടെ വരവോടുകൂടി ഇന്നു കാണുന്ന പി തൊപ്പിയായി. ഇപ്പോള്‍ ഇതാ വീണ്ടും അതു മാറുന്നു. എനിക്കോരു അധികാരമുണ്ടെന്ന് കാണിക്കാനായിരുന്നു കൂര്‍ത്ത തൊപ്പി ഉപയോഗിച്ചിരുന്നത്. പോലീസുകാര്‍ എത്ര ദൂരെ നിന്നാലും ആ തൊപ്പിയിലൂടെ അവര്‍ അടയാളപ്പെടുത്തപ്പെടുമായിരുന്നു.

പോലീസുകാര്‍ക്ക് ഇതുകൊണ്ടു ഗുണമാണെന്നും കൊണ്ടു നടക്കാനും സൂക്ഷിക്കാനും ബറേ തൊപ്പികള്‍ തന്നെയാണ് നല്ലതെന്നും റിട്ടേഡ് ഡിവൈഎസ്പി സുഭാഷ് ബാബു പറഞ്ഞു. ഇപ്പോഴുള്ള തൊപ്പികള്‍ക്ക് ചിന്‍ സ്ട്രാപ്പ് ഉണ്ടെന്നും, അത് ഉപയോഗിക്കുകയാണെങ്കില്‍ വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കും എന്നാല്‍ അതാരും ഉപയോഗിക്കാറില്ല. അതിനാലാണ് താഴെ വീണ് പോകുന്ന പ്രശ്‌നം പ്രധാനമായും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍