UPDATES

പ്രളയം 2019

ഒരാഴ്ച പിന്നിടുന്നു, പുത്തുമലയിൽ ഇനിയും കണ്ടെത്താനുള്ളത് എഴ് പേരെ; കവളപ്പാറയിലെ തിരച്ചിലിന് ഡ്രോൺ; മലപ്പുറത്തും കണ്ണൂരും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

നാളെ മുതൽ സംസ്ഥാനത്ത് മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

കേരളത്തെ നടുക്കി പുത്തുമലയിൽ ഉരുൾപൊട്ടി ഒരാഴ്ചയാവുമ്പോഴും ഏഴ് പേരെകുറച്ച് ഇനിയും വിവരമില്ല. ഏക്കറുകണക്കിന് ഭൂമിയിലാണ് നാട്ടുകാർ പറഞ്ഞ സാധ്യതകൾക്കനുസരിച്ച കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. കോഴിക്കോട്ടെ വിദഗ്ധൻ വരച്ച ഭൂപടം ഉപയോഗിച്ചുള്ള സാധ്യതാ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മണ്ണുമാന്തിയന്ത്രങ്ങൾ പലപ്പോഴും ചതുപ്പിൽ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

അതേസമയം, എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചിൽ നടത്താനാണ് ഇപ്പോഴുള്ള ശ്രമം. ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽപ്പെട്ട നായ്ക്കളെ എത്തിച്ചാണ് നടപടി. എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്.

കാണാതായ ഏഴു പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടർച്ചയായി പെയ്ത ചാറ്റൽ മഴ മൂലം ഇന്നലെ നിർത്തിവച്ചിരുന്നു. ഇത്   ഇന്ന് പുനരാംഭിച്ചിട്ടുണ്ട്. നിലവിൽ 12 പേരാണ് പുത്തുമല ദുരന്തത്തിൽ ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്ന മലപ്പുറം കവളപ്പാറയിലെ ഭൂദാനത്തു നിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 31 ആയി. 28 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിനുള്ള നടപടികൾ തുടരുകാണ്. ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നീക്കം. എന്നാൽ ഇന്നലെ വരെ തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം മറ്റിടങ്ങളിലേക്ക് തിരിഞ്ഞതോടെ കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

അതേസമയം വടക്കൻ ജില്ലകളിൽ ഇന്നും ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നാളെ മുതൽ സംസ്ഥാനത്ത് മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വയനാട് കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്.

വ്യാഴാഴ്ച യെല്ലോ അലർട്ട് – വയനാട്, കാസർകോട്. വെള്ളിയാഴ്ച യെല്ലോ അലർട്ട് – ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്. കേരള തീ​രത്ത് പടിഞ്ഞാറൻ ദിശയിൽ​നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോ​മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യ​ത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി.​

അതിനിടെ, തൃശ്ശൂർ ജില്ലയിലെ പീച്ചി ഡാമിന്റെ 2 ഷട്ടറുകൾ ഉയർത്തി. വൃഷ്ടി പ്രദേഷങ്ങളിൽ മഴ കനത്തതോടെയാണ് നടപടി. ഇതോടെ മണലി പുഴ , കരുവന്നൂർ പുഴ എന്നിവയുടെ ഇരു കരയിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പുഴയിൽ ജല നിരപ്പ് ക്രമാതീത മായി ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യ ബന്ധനം, പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതും ,പുഴയിൽ കുളിക്കുന്നതും, വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റു അനുബന്ധ പ്രവർത്തികളിൽ ഏർപെടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നെന്നാണ് അറിയിപ്പ്.

 

തിരുവനന്തപുരത്ത് നിന്നും ഇനിയും ലോഡ് പോകും; ദുരിതത്തില്‍ പെട്ട മനുഷ്യര്‍ക്കായി മാത്രമല്ല, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍