UPDATES

സിനിമാ വാര്‍ത്തകള്‍

ഖയ്യാം അന്തരിച്ചു, ‘കഭീ കഭീ’യുടെ സംഗീത സംവിധായകന് വിട

ഉമ്രാവോ ജാനിലെ ഗാനങ്ങളിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.

വിഖ്യാത സംഗീത സംവിധായകന്‍ ഖയ്യാം (മുഹമ്മദ് സാഹുര്‍ ഖയ്യാം ഹാഷ്മി) അന്തരിച്ചു. 92 വയസായിരുന്നു. മുംബയ് ജുഹുവിലെ സുജോയ് ഹോസ്പിറ്റലില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുകേഷും ലത മങ്കേഷ്‌കറും ആലപിച്ച “കഭീ കഭീ മേരേ ദില്‍ മേ” ആണ് ഖയ്യാം സംഗീതം നല്‍കിയ ഏറ്റവും പ്രശസ്തമായ ഗാനം.

ഉമ്രാവോ ജാന്‍ (1981) എന്ന സിനിമയിലേതടക്കം നിരവധി ശ്രദ്ധേയ ചലച്ചിത്ര ഗാനങ്ങള്‍ കംപോസ് ചെയ്തു. ഉമ്രാവോ ജാനിലെ ഗാനങ്ങളിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 2007ല്‍ സംഗീത് നാടക് അക്കാഡമി അവാര്‍ഡും 2011ല്‍ പദ്മ ഭൂഷണ്‍ പുരസ്‌കാരവും നേടി. അവസാനമായി കംപോസ് ചെയ്തത് 2016ല്‍ പുറത്തിറങ്ങിയ ഗുലാം ബന്ധുവിലെ ഗാനങ്ങള്‍.

1927 ഫെബ്രുവരി 18ന് പഞ്ചാബിലെ നവന്‍ഷഹര്‍ ജില്ലയിലുള്ള റാഹോനിലാണ് ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിക്കാനായി ഡല്‍ഹിയിലേയ്ക്ക് ഓടിപ്പോന്നെങ്കിലും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതനായി നാട്ടിലേയ്ക്ക് മടങ്ങി. പിന്നീട് ലാഹോറില്‍ ബാബ ചിഷ്ടിയുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. 17ാം വയസില്‍ ചിഷ്ടിയുടെ അസിസ്റ്റന്റായി. രണ്ടാം ലോകയുദ്ധ കാലത്ത് ബോംബെയിലെത്തി. 1948ല്‍ പുറത്തിറങ്ങിയ ഹീര്‍ രാഞ്ഛായ്ക്ക് സംഗീതം നല്‍കിയ ശര്‍മ്മാജി – വര്‍മ്മാജി കൂട്ടുകെട്ടിലെ ശര്‍മ്മാജി, ഖയ്യാം ആയിരുന്നു. സംഗീത സംവിധായകന്‍ എന്ന നിലയില്‍ ആദ്യ സിനിമയും ഇതായിരുന്നു. ബീവി എന്ന സിനിമയില്‍ മുഹമ്മദ് റാഫി ആലപിച്ച ഗാനങ്ങള്‍ വലിയ ഹിറ്റുകളായി.

1953ല്‍ പുറത്തിറങ്ങിയ ഫൂട്ട് പാത്ത് എന്ന സിനിമയ്ക്കാണ് ആദ്യമായി ഒറ്റയ്ക്ക് സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. കൈഫി അസ്മി ഗാനങ്ങളെഴുതിയ ഷോല ഓര്‍ ഷബ്‌നം, ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത ആഖ്രി ഖാത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധേയമായി. 1976ല്‍ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘കഭീ കഭീ’ എന്ന സിനിമയിലെ ടൈറ്റില്‍ സോംഗ് ആണ് ഖയ്യാം സംഗീതം നല്‍കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയത്. സാഹിര്‍ ലുധിയാന്‍വി രചിച്ച് ഖയ്യാം സംഗീതം നല്‍കി മുകേഷും ലത മങ്കേഷ്‌കറും ആലപിച്ച ‘കഭീ കഭീ മേരേ ദില്‍ മേ’ എന്ന പാട്ട് ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. മുസാഫര്‍ അലി സംവിധാനം ചെയ്ത ഉമ്രാവോ ജാനില്‍ (1981) ഖയ്യാം സംഗീതം നല്‍കി ആശ ഭോസ്ലെ ആലപിച്ച ‘ഇന്‍ ആന്‍ഖോം കേ മസ്തി’, ‘ദില്‍ ചീസ് ക്യാ’ തുടങ്ങിയ ഗാനങ്ങള്‍ വലിയ ഹിറ്റുകളായി.

സംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചതായി ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. ഖയ്യാമിനെ പോലൊരു സംഗീജ്ഞന്‍ ഇനി ഉണ്ടായെന്ന് വരില്ല. തന്നെ ഇളയ സഹോദരിയെപ്പോലെയാണ് ഖയ്യാം കണ്ടിരുന്നത് എന്നും ലത മങ്കേഷ്‌കര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍