UPDATES

ട്രെന്‍ഡിങ്ങ്

ബിനോയിയെ പാര്‍ട്ടിയോ ഞാനോ സഹായിക്കില്ല, തെറ്റ് ചെയ്തവര്‍ അനുഭവിക്കും: കോടിയേരി

താന്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ ചിലരുടെ താല്‍പര്യമായിരുന്നു എന്നും അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് എന്നും കോടിയേരി പറഞ്ഞു.

മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ലൈംഗിക പീഡന ആരോപണത്തിന്മേലുള്ള കേസില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്നും ബിനോയിയെ യാതൊരു തരത്തിലും സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അയാള്‍ക്കെതിരായ കേസ് അയാള്‍ തന്നെ നേരിടും. കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാള്‍ക്കാണ്.

മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ബിനോയ് വേറൊരു കുടുംബമായി താമസിക്കുന്നയാളാണ്. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ തന്നെ നേരിടേണ്ടി വരും. പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

തന്നെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട് എന്ന പരാതിക്കാരിയുടെ ആരോപണം കോടിയേരി തള്ളി. തന്നെ ആരും ഇത്തരത്തില്‍ സമീപിച്ചിട്ടില്ല. ഭാര്യ വിനോദിനി വിഷയത്തില്‍ ഇടപെട്ടു എന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല എന്ന് കോടിയേരി പറഞ്ഞു. ബിനോയിയ്‌ക്കൊപ്പം എല്ലായിടത്തും ഞാന്‍ പോകാറില്ല. അങ്ങനെ പോയിരുന്നെങ്കില്‍ ഇത്തരം കേസുകള്‍ ഉണ്ടാകുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു. ബിനോയിയെ അവസാനം കണ്ടത് ജൂണ്‍ 17നാണ്. അയാള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല. ഞാന്‍ മുംബയ് പൊലീസിലെ ഉദ്യോഗസ്ഥനല്ല, കേസ് സംബന്ധിച്ച് എനിക്ക് പറയാനാകില്ല.

അതേസമയം താന്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ ചിലരുടെ താല്‍പര്യമായിരുന്നു എന്നും അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് എന്നും കോടിയേരി പറഞ്ഞു. സിപിഎം നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും കോടിയേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍