UPDATES

ട്രെന്‍ഡിങ്ങ്

രമ്യക്ക് കാര്‍ വാങ്ങാന്‍ കോണ്‍ഗ്രസുകാര്‍ പണം പിരിക്കാമോ? ശരിയല്ലെന്ന് മുല്ലപ്പള്ളി, ശരിയെന്ന് അനില്‍ അക്കര; കോണ്‍ഗ്രസില്‍ ഭിന്നത

അതേസമയം കോണ്‍ഗ്രസില്‍ രമ്യയുടെ കാര്‍ സംബന്ധിച്ച ചര്‍ച്ച ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ 1000 രൂപ പിരിവിനെ അനില്‍ അക്കര എംഎല്‍എ സ്വാഗതം ചെയ്തിരുന്നു.

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസ് പിരിവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെ, പിരിവിനെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. രമ്യക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ല എന്ന് മുല്ലപ്പള്ളി പറഞ്ഞു. രമ്യക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ രമ്യയുടെ കാര്‍ സംബന്ധിച്ച ചര്‍ച്ച ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ 1000 രൂപ പിരിവിനെ അനില്‍ അക്കര എംഎല്‍എ സ്വാഗതം ചെയ്തിരുന്നു.

14 ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങുന്നതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് മാത്രമേ പണം പിരിക്കൂ. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ പിരിച്ചെടുക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 1400 കൂപ്പണ്‍ അടിച്ചിട്ടുണ്ട്. തീരുമാനം വിവാദമായപ്പോള്‍ ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇത് എന്നായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസുകാരുടെ ഈ പണപ്പിരിവില്‍ തനിക്ക് അഭിമാനമുണ്ട് എന്നും രമ്യ പറഞ്ഞിരുന്നു.

ഞാന്‍ സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായത്. ഒരു പൈസയും കയ്യിലില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമേയുള്ളൂ. അതിപ്പോള്‍ 66 ജോടി ആയി. ഈ വസ്ത്രങ്ങള്‍ ആലത്തൂരുകാര്‍ തന്നതാണ്. പൊതുജനങ്ങള്‍ തന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് സംഭാവനയായി നല്‍കിയ 60 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് എന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.

ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഒരു എംപി അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു മാസം കിട്ടുന്നത്. എംഎല്‍എമാര്‍ക്കുള്ള സംവിധാനങ്ങള്‍ എംപിമാര്‍ക്കില്ലെന്നും അനില്‍ അക്കര പറയുന്നു. ഡല്‍ഹിയിലെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് 40,000 രൂപ ശമ്പളം നല്‍കണം. ഇവിടെ ഒരു വീടും ഓഫീസുമുണ്ട്. അതിന്റെ വാടകയായി 40,000 രൂപ വരും. അവിടുത്തെ രണ്ട് ജീവനക്കാര്‍ക്കായി 20,000 രൂപ ശമ്പളം നല്‍കണം. ഓഫീസ് പ്രവര്‍ത്തനത്തിന് തന്നെ ഒരു എംപിയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യമായി വരുമെന്ന് അനില്‍ ചൂണ്ടിക്കാട്ടുന്നു. വണ്ടി പറമ്പിക്കുളം മുതല്‍ കുന്നംകുളം വരെ പോകണമെങ്കില്‍ സാധാരണ നിലയ്ക്ക് ഒരു ദിവസം രണ്ടായിരം രൂപയുടെ ഡീസല്‍ ആവശ്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. മുപ്പത് ദിവസത്തേക്ക് അറുപതിനായിരം രൂപ. പിന്നെ ബാക്കിയുണ്ടാകുന്നത് 30,000 രൂപ മാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍