UPDATES

ട്രെന്‍ഡിങ്ങ്

കെവി തോമസ് ബിജെപിയിലേക്ക്?; എറണാകുളത്ത് സ്ഥാനാർഥിയാക്കാൻ നീക്കം

കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ കോൺഗ്രസ് വക്താവ് ടോം വടക്കന്റെ നേതൃത്വത്തിലും നീക്കങ്ങൾ നടക്കുന്നുണ്ട്.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിന് പിറകെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ എറണാകുളം എംപി പ്രൊ. കെ വി തോമസിനെ ബിജെപിയിലെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോർട്ട്. കെ വി തോമസിനെ പാളയത്തിലെത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ടുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, സ്മൃതി ഇറാനി എന്നിവര്‍ കെവി തോമസുമായി ബന്ധപ്പെട്ടതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, തോമസുമായുള്ള ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൂതൻ നേരിട്ട് ബന്ധപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. എറണാകുളത്ത് നിർണായക സ്വാധീനമുള്ള കെ വി തോമസിനെ ബിജെപി പക്ഷത്തെത്തിച്ചാൽ മണ്ഡലത്തിൽ നിർണായ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് നീക്കത്തിന്റെ പിന്നിൽ. ഇതിനായി കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ കോൺഗ്രസ് വക്താവ് ടോം വടക്കന്റെ നേതൃത്വത്തിലും നീക്കങ്ങൾ നടക്കുന്നുണ്ട്. കെ വി തോമസിനെ എറണാകുളത്ത് സ്ഥാനാർഥിയാക്കാനുള്ള സാധ്യത ഉൾപ്പെടെ ബിജെപി പരിഗണിക്കുന്നതായാണ് വിവരം.

നിലവിൽ ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കെ വി തോമസ് രംഗത്തെത്തിയാൽ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതിരണം. മോദിയെ പ്രശംസിച്ചതാണ് കെ വി തോമസിന് സീറ്റ് നിഷേധിക്കാൻ കാരണമെന്ന് പ്രതികരണവുമായി പാർട്ടി വക്താവ് വി ഗോപാലകൃഷ്ണനും രംഗത്തെത്തിയത്.

അതിനിടെ, കെവി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസിന്റെ വീട്ടിലെത്തി. രാവിലെ 10 മണിയോടെയാണ് ചെന്നിത്തല അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അതിനിടെ കെവി തോമസ് പാർട്ടിയിൽ തുടരുമെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഇനിയും കെ വി തോമസ് ഉന്നത സ്ഥാനങ്ങൾ വഹിക്കുമെന്നും അദ്ദേഹം പറയുന്നു.

എറണാകുളം സീറ്റിൽ തന്നെ തഴഞ്ഞ് ഹൈബി ഈഡനെ സ്ഥാനാർഥിയാക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിറകെ പ്രതിഷേധവുമായി നിലവിലെ എംപിയുമായ കെവി തോമസ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞാൻ എന്തു തെറ്റ് ചെയ്തെന്നറിയില്ല. ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു. തന്റെ എംപി ഫണ്ട് വിനിയോഗം ഒരു റെക്കോർഡാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം സീറ്റിൽ ഹൈബി ഈഡനാണ് മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗികമായി ഈ വിവരം പുറത്തു വന്നിട്ടില്ല ഇപ്പോൾ. താൻ ഗ്രൂപ്പ് പ്രവർത്തനം വളരെ മുമ്പു തന്നെ അവസാനിപ്പിച്ചതാണ്. ഗ്രൂപ്പ് പ്രവർത്തനം ഇല്ലാഞ്ഞതിനാലാണോ താൻ തഴയപ്പെടാൻ കാരണമെന്നറിയില്ലെന്നും തോമസ് വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഇനിയും സജീവമായി താനുണ്ടാകുമെന്ന് കെവി തോമസ് പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ഖേദമില്ല. തന്നെട് പറയാമായിരുന്നു, അത് ചെയ്തില്ല എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 72 വയസ്സായി എന്നത് തന്റെ കുറ്റമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സൂചന പോലും തരാതെ ഒഴിവാക്കിയതിൽ ദുഖമുണ്ടെന്നും തോമസ് പറഞ്ഞു. പാർട്ടിയുടെ തീരുമാനം നടപ്പാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍