പ്രളയത്തിന് ശേഷം പ്രതിരോധ മരുന്ന് ഉപയോഗിക്കാത്തവര്‍ക്കാണ് എലിപ്പനി കൂടുതലായി ബാധിച്ചിട്ടുള്ളതെന്ന് മന്ത്രി
സംസ്ഥാനത്തുണ്ടായ വന്‍ പ്രളയത്തിനുശേഷം എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളും റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പനി കാരണം ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 10 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെ മരിച്ചതില്‍ ഒരാളില്‍ മാത്രമാണ് എലിപ്പനിബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ആറ് എലിപ്പനി മരണം മാത്രമാണ് സ്ഥിരീകരിച്ചത്. രോഗബാധ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അരോഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുന്നു.
കാസര്‍കോട് ഒഴികെ 13 ജില്ലകളും അരോഗ്യവകുപ്പ് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് മുന്നുപേരും, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ട് വീതവും തൃശ്ശൂര്‍ ഒരാളുമാണ് ഞായറാഴ്ച പനി ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി ആശുപത്രികളിലെത്തി. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് മുതല്‍ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി. ഓഗസ്റ്റ് 20 മുതല്‍ പനി ബാധിച്ച് 43 പേര്‍ മരിച്ചു.
മലപ്പുറം ചമ്രവട്ടം സ്വദേശി രാജന്റെ ഭാര്യ ശ്രീദേവി (45), കാഞ്ഞിരമുക്ക് തൈവളപ്പില്‍ ആദിത്യന്‍ (52), തൃശ്ശൂരില്‍ കൊടകര കോടാലി സ്വദേശി പീനാക്കല്‍ സിനേഷ് (36), എറണാകുളത്ത് തമിഴ്നാട് സ്വദേശി രാജ (48), പെരുമ്പാവൂര്‍ ഐമുറി സ്വദേശി കുമാരി (51), പാലക്കാട് പാലപ്പുറം പെരുങ്കുളം കൊടുങ്ങിയില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (70), മുണ്ടൂര്‍ എഴക്കാട് സ്വദേശിനി ചെമ്പക്കരവീട്ടില്‍ നിര്‍മല (50), കോഴിക്കോട് വില്യാപ്പള്ളി കുട്ടോത്ത് ഓലയാട്ട് താഴകുനിയില്‍ ഉജേഷ് (38), കണ്ണാടിക്കല്‍ നെച്ചുകുഴിയില്‍ സുമേഷ് (46), കല്ലായിലെ രവി (58) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതില്‍ എലിപ്പനി സ്ഥിരീകരിച്ചത് ഉജേഷിന്റെ മരണത്തില്‍ മാത്രമാണ്.
ഔദ്യോഗിക കണക്ക് പ്രകാരം കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 133 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുള്ളത്. നഗരത്തിന്റെ ഭാഗമായ കല്ലായി, മാങ്കാവ്, ചെറുവണ്ണൂര്‍, തമ്പലമണ്ണ, കണ്ണാടിക്കല്‍, ഒളവണ്ണ, ഫറോക്ക് എന്നിവിടങ്ങളിലെല്ലാം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജിലെ കണക്കുകളില്‍ സമീപ ജില്ലയില്‍ നിന്നുള്ളവുണ്ടെന്നതും പരിഗണിക്കേണ്ട വിഷയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ കൂടിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എന്‍1 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷത്തെ ആദ്യ എച്ച്1 എന്‍1 മരണമാണ് കഴിഞ്ഞദിവസം ഉണ്ടായത്.
എന്നാല്‍ പ്രളയത്തിന് ശേഷം പ്രതിരോധ മരുന്ന് ഉപയോഗിക്കാത്തവര്‍ക്കാണ് ജില്ലയില്‍ എലിപ്പനി കൂടുതലായി ബാധിച്ചിട്ടുള്ളതെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ക്യാംപുകളില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ മരുന്ന് കഴിക്കാത്തവരും, ക്യാംപുകളില്‍ എത്താത്തവര്‍ക്കുമാണ് പനി കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എലിപ്പനി ബാധയുമായി ചികില്‍സ തേടുന്നവരുടെ എണ്ണം നാലഞ്ച് ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ് പറയുന്നുണ്ട്.
അതേസമയം, നിപ വൈറസ് ബാധപോലെ തീര്‍ത്തും അപ്രതീക്ഷിതമായ ഒന്നല്ല എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിട്ടുള്ളതെന്നാണ് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2009 മുതല്‍ ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011 ല്‍ ഇത് 130ല്‍ അധികമായിരുന്നെന്നും അരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രളയത്തിനു ശേഷം വളരെ പെട്ടെന്ന് രോഗം പടരുന്ന സാഹചര്യം ഉണ്ടായതാണ് രോഗം പകര്‍ച്ച ഇത്ര തീവ്രമാകാന്‍ കാരണമായത്. മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളക്കെട്ടുമായി പ്രളയം മൂലം ജനങ്ങള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്തേണ്ടിവന്നതും രോഗം പെട്ടെന്ന് പടരാന്‍ കാരണമായിട്ടുണ്ട്. എലിപ്പനി മരണങ്ങളില്‍ മുന്‍വര്‍ഷത്തെ കണക്കുകള്‍ക്ക് സമാനമായ മരണങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ മുന്നില്‍ കണ്ട് കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെവി ബാബുരാജ് അഴിമുഖത്തോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന് കീഴിലുള്ള ശുചീകരണ തൊഴിലാളികള്‍ക്ക് അടക്കം പ്രതിരോധ മരുന്ന് നല്‍കിയിരുന്നു. ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും മരുന്ന് നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ പലപ്പോഴും മരുന്ന് കഴിക്കാതിരുന്നതാണ് ഇപ്പോള്‍ പകര്‍ച്ചവ്യാധി പകരാന്‍ കാരണമായതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഇതോടെ, കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ പടരുന്നത് തടയുന്നതിനായി മഴക്കാല പൂര്‍വ ശൂചീകരണം ഉള്‍പ്പെടെ ഫലപ്രഥമായിരുന്നില്ലെന്ന വിലയിരുത്തേണ്ടിവരും. നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും ഇതിനു ശേഷം മുന്‍പ് തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള എലിപ്പനി, ഡങ്കി തുടങ്ങിയ വിവിധ തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നെന്നും അഭിപ്രായം ഉയരുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണം വ്യാപകമായി നടപ്പാക്കിയെന്ന് അധികൃതരുടെ അവകാശവാദത്തെ തള്ളുന്നതാണ് പുതിയ വിവരങ്ങള്‍. അടിയന്തിര സാഹചര്യത്തില്‍ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും സാധാരണ ജനങ്ങളില്‍ എത്തിയിട്ടില്ലെന്നും മരുന്ന് കഴിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അളുകളെ ബോധ്യപ്പെടുത്താനായിട്ടില്ലെന്നും ഇതോടെ വ്യക്തമാണ്.
എന്നാല്‍, എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച ആരോഗ്യ വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനു പുറമെ നിപ ബാധയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ചുവന്നിരുന്ന നടപടികള്‍ക്ക് സമാനമായ രീതി നടപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം കളക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന രീതിയാണ് സ്വീകരിക്കുക. ഡിഎംഒ, ഡി.എസ്.ഒ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ള കോര്‍കമ്മിറ്റിയായിരിക്കും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക.
അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കോഴിക്കോട്ട് ഇന്ന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പനി പടരുന്നത് തടയാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് തുടരുന്നത്. പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുന്നതിനൊപ്പം അവ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പ്രളയത്തിന് ശേഷം ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ഇവിടങ്ങളില്‍ ശുചീകരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
എല്ലാ പ്രളയത്തിന് ശേഷവും ഇത്തരം പകര്‍ച്ചവ്യാധികള്‍ പതിവാണ്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ തന്നെ എലിപ്പനി, ഡങ്കിപ്പനി എന്നിവ റിപോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പലരും പ്രതിരോധ മരുന്നുകള്‍ ഇതുവരെ കഴിക്കാന്‍ തയ്യായിട്ടില്ലെന്നത് പ്രശ്‌നം രൂക്ഷമാക്കിയെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ അഭിലാഷ് പറയുന്നു.
അരോഗ്യവകുപ്പിന്റെ നിഗമനങ്ങള്‍ പ്രകാരം പ്രളയതിന് ശേഷം ആദ്യ ആഴ്ചയില്‍ എലിപ്പനി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്രവലിയ തോതില്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനി സംസ്ഥാനത്തെ ബാധിക്കാന്‍ പോവുന്നത് ഡെങ്കിപ്പനിയാണ്. ഇതും വലിയ തോതില്‍ സംസ്ഥാനമൊട്ടാകെ ബാധിക്കാന്‍ ഇടയുള്ള ഒന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 400 ലധികം പേര്‍ക്കാണ് ഡങ്കിപ്പനി മൂലം ജീവന്‍ നഷ്ടമായിട്ടുള്ളത്. അതിനാല്‍ ഈ രോഗാണു സാന്നിധ്യം കേരളത്തില്‍ നിലവിലുണ്. കൊതുകിന്റെ അഭാവം മാത്രമാണ് ഇതുവരെ രോഗം വ്യാപകമായി പടരാതിരുന്നതില്‍ പ്രധാന കാരണം. പ്രളയശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വിരിയാറായ നിലയിലാണുള്ളത്. ഇവ വിരിയുന്നതോടെ സംസ്ഥാനത്ത് ഡങ്കിപ്പനിക്ക് വലിയ സാധ്യയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ കൊതുക് നിവാരണ പ്രവര്‍ത്തികളും പ്രതിരോധത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അഭിലാഷ് പറഞ്ഞു.
എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും മെഡിക്കല്‍ കോളേജിലേയും വിവിധ വകുപ്പുകളിലെയും വിദഗ്ദ്ധര്‍ അടങ്ങിയ സംഘം പുതുക്കിയ ചികിത്സാ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു. എലിപ്പനി ബാധിതര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.