UPDATES

വാര്‍ത്തകള്‍

നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും

ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രിയുടെ അവസാന സന്ദര്‍ശമായിരിക്കും ഇന്ന് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ രണ്ടാംഘട്ട സംസ്ഥാന സന്ദര്‍ശനം പുര്‍ത്തിയാക്കി ബുധനാഴ്ച വൈകിട്ടോടെ മടങ്ങിയതിന് പിന്നാലെയാണ് ബിജെപി താര പ്രചാരകന്‍ കുടിയായ മോദി ഇന്ന് കേരളത്തില്‍ എത്തുന്നത്. തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. വൈകിട്ട് 6.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എന്‍ഡിഎ റാലി സംഘടിപ്പിക്കുന്നത്. പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന മോദി ആറരയോടെ സ്റ്റേഡിയത്തിലെത്തും. ഒരുമണിക്കൂറോളം മോദി ഇവിടെ ചിലവിടുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ ശംഖുമുഖം, ആള്‍സെയിന്റസ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, വിജെറ്റി, സ്‌പെന്‍സര്‍ സെന്‍ട്രല്‍ സ്റ്റേഡിയം, പുളിമൂട്, ആയുര്‍വേദ കോളേജ് വരെയുള്ള റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ടി റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. 4 മണിമുതല്‍ രാത്രി 10 മണിവരെ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കി പൊതുജനങ്ങള്‍ യാത്ര ചെയ്യേണ്ടതാണ്.

വൈകുന്നേരം 4 മണിമുതല്‍ രാത്രി 10 മണിവരെ ജി.വി.രാജ, ആര്‍.ആര്‍ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആല്‍ത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആര്‍ബിഐ, ബേക്കറി, ജേക്കബ്‌സ്, ഗേറ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വിജെറ്റി, സ്‌പെന്‍സര്‍ സെന്‍ട്രല്‍ സ്റ്റേഡിയം, പുളിമൂട്, ആയുര്‍വേദ കോളേജ് വരെയുള്ള റോഡിലും, അണ്ടര്‍ പാസ്, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പേട്ട, ചാക്ക, ഓള്‍സെയിന്റ്‌സ്, ശംഖുമുഖം, എയര്‍പാര്‍ട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും, പാര്‍ക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും.

അതേസമയം, ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രിയുടെ അവസാന സന്ദര്‍ശമായിരിക്കും ഇന്ന് നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നടന്ന റാലിയില്‍ മലബാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലും മോദി പങ്കാളിയായിരുന്നു. അതെസമയം ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തിലും പ്രധാനമന്ത്രിയെ പ്രചരണത്തിന് എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി മടങ്ങി. വടനാടിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമായിരുന്ന് ഇത്തവണ രാഹുല്‍ കേരളത്തിലെത്തിയതെന്നതും ഇന്നലെത്തെ സന്ദര്‍ശത്തെ ശ്രദ്ധേയമാക്കി. സ്‌നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി.

വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തും. വിവിധ ജാതി- മതസ്ഥരും വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ടവരും ഐക്യത്തോടെ വസിക്കുന്ന വയനാട് രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ നാടിനെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമാണ്. ഒരു രാഷ്ട്രീയ നേതാവായല്ല; നിങ്ങളുടെ മകനായി, സഹോദരനായി, കൂട്ടുകാരനായാണ് ഇവിടെ വന്നിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മലപ്പുറം പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളിലും അദ്ദേഹം പങ്കാളിയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍