UPDATES

വാര്‍ത്തകള്‍

സംസ്ഥാനത്ത് 243 സ്ഥാനാര്‍ത്ഥികള്‍, 2,61,46,853 വോട്ടര്‍മാര്‍

പ്രചാരണത്തിനിടെ വ്യക്തിഹത്യ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ പത്രികകളുടെ സൂക്ഷമ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് 243 സ്ഥാനാര്‍ത്ഥികൾ മൽസര രംഗത്തുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 303 പത്രികകളാണ് ലഭിച്ചിരുന്നത്. 63 എണ്ണം സുക്ഷമ പരിശോധനയിൽ തള്ളി. നിലവിൽ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലും കുറവ് ഇടുക്കിയിലുമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പത്രികകളുടെ സൂക്ഷമ പരിശോധന പൂർത്തിയായതിന് പിറകെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

22 സ്ഥാനാര്‍ത്ഥികളാണ് വയനാട്ടിലുള്ളത്. 21 സ്ഥാനാർത്ഥികളുള്ള ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ദിവസം പൊതു അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഏപ്രിൽ നാലുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണുള്ളത്. ഇതിൽ 3,67,818 പേർ യുവ വോട്ടർമാരാണ്. ഇതിന് പുറമെ 73,000 പ്രവാസി വോട്ടര്‍മാരും 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 ട്രാന്‍സ്‌ജെന്‍ഡറുകളാണ് പുതിയതായി പട്ടികയിൽ പേരു ചേര്‍ത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത്. 1,25,189 ഭിന്നശേഷിക്കാരും പട്ടികയിൽ ഉൾപ്പെുന്നു, ഇവർ ഏറ്റവും കൂടുതൽ ഉള്ളത് കോഴിക്കോട് ജില്ലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തിഹത്യ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയുടെ സ്വകാര്യ ജീവിതത്തെ പ്രചാരണ വിഷയമാക്കരുത്. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ശ്രദ്ധിക്കണം. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ പരിശോധിച്ച് വരികയാണെന്നം ടിക്കാറാം മീണ അറിയിച്ചു. മുസ്‌ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ ആലോചിക്കും. എന്നാല്‍ വിഷയത്തിൽ നടപടി എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍