UPDATES

ദേശീയം

കെജ്രിവാള്‍ യു ടേണ്‍ എടുക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍; ബിജെപിയെ സഹായിക്കുന്നത് രാഹുലെന്ന് ആംആദ്മിയുടെ മറുപടി

പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ  ആംആദ്മി കോണ്‍ഗ്രസ് ധാരണയെ ചൊല്ലി രാഹു‍ല്‍ ഗാന്ധി- അരവിന്ദ് കെജ്രിവാള്‍ വാക്ക് പോര്.  പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തി ഇരുനേതാക്കളും രംഗത്തെത്തിയതോടെയാണ് തര്‍ക്കം പൊതുവേദിയിലേക്ക് നീണ്ടത്. കെജ്രിവാളിനെ കുറ്റപ്പെടുത്തി രാഹുലാണ് അദ്യം രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി കെജ്രിവാളും രംഗത്തെത്തിയതോടെ തര്‍ക്കം പരസ്യമാവുകയായിരുന്നു. ട്വിറ്ററിലായിരുന്നു ഇരുനേതാക്കളുടെയും ആരോപണ പ്രത്യാരോപണങ്ങള്‍.

പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്നും ഡല്‍ഹിയില്‍ നാല് സീറ്റുകള്‍ വരെ എഎപിക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ ഡല്‍ഹിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയാവാത്തത് ഡല്‍ഹി മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന് കുറ്റപ്പെടുത്താനും രാഹുല്‍ ഗാന്ധി തയ്യാറായി. നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ധാരണയിലെത്താനായില്ല. ചര്‍ച്ചകളില്‍ നിന്നും കെജ്രിവാള്‍ യു ടേണ്‍ അടിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചു.  തങ്ങളുടെ വാതിലുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. എന്നാല്‍ സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടിയുമായി കെജ്രിവാളും രംഗത്തെത്തി. യുടേണ്‍ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കെജ്രിവാളിന്‍റെ മറുപടി. എഎപി ക്ക് സഖ്യവുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമാണ്. എന്നാല്‍ രാഹുലിന്‍റെ പ്രസ്താവനകള്‍ അദ്ദേഹത്തിന് ധാരണയില്‍ താല്‍പര്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സഖ്യം സംബന്ധിച്ച് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നില്ലെന്ന് കരുതേണ്ടിവരും. ഉത്തര്‍ പ്രദേശില്‍ പോലും അദ്ദേഹത്തിന്‍റെ നിലപാട് സൂചിപ്പിക്കുന്നത് ഇതാണ്. യുപിയില്‍ ബിജെപി  വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വീകരിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍