UPDATES

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി; 303 വോട്ടുകള്‍ അനുകൂലം

ബില്‍ സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെ ജെഡിയു എംപിമാര്‍ സഭയില്‍ വാക്ക് ഔട്ട് നടത്തുകയായിരുന്നു. വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് എംപിമാരും ഇറങ്ങിപ്പോയി.

മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹ മോചന സമ്പ്രദായമായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പെടുത്തുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ആണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. ബില്‍ സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെ ജെഡിയു എംപിമാര്‍ സഭയില്‍ വാക്ക് ഔട്ട് നടത്തുകയായിരുന്നു. വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് എംപിമാരും ഇറങ്ങിപ്പോയി. 82നെതിരെ 303 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്നത് സമൂഹത്തിലെ വിശ്വാസരാഹിത്യത്തിന് ഇടയാക്കുമെന്ന് ജെഡിയു അംഗങ്ങള്‍ വാദിച്ചു. അതേസമയം ബില്‍ അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, ലിംഗനീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത് എന്ന് ആവര്‍ത്തിച്ചു. പാകിസ്താനും മലേഷ്യയുമടക്കം ലോകത്തെ 20 മുസ്ലീം രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് മതനിരപേക്ഷ രാജ്യമായ ഇന്ത്യക്ക് അത് ചെയ്തുകൂടാ എന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

ജയില്‍ശിക്ഷ അടക്കമുള്ള വ്യവസ്ഥകളെ എതിര്‍ക്കുന്ന പ്രതിപക്ഷം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ബില്‍ തിടുക്കത്തില്‍ കൊണ്ടുവരുന്ന സര്‍ക്കാരിന് ദുരുദ്ദേശമാണ് ഉള്ളത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെയും ബില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും മോദി സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ബില്ലിലെ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. ലോക്‌സഭ പാസാക്കിയ ബില്‍ ഇനി വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. എന്‍ഐഎ ബില്ലും ആര്‍ടിഐ ബില്ലും പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെങ്കിലും മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുക എളുപ്പമാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍