UPDATES

പാലായില്‍ നിഷ നില്‍ക്കാത്തത് ഇടതുമുന്നണിക്ക് ഗുണമാകും; നിഷയെ ഒഴിവാക്കാന്‍ പി ജെ ജോസഫ് കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തിയെന്ന് എം എം മണി

നിഷ രാഷ്ട്രീയ പരിചയമുള്ള മികച്ച നേതാവാണ് എന്നും, അവര്‍ സ്ഥാനാര്‍ത്ഥിയാകാഞ്ഞത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും എം എം മണി അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പി ജെ ജോസഫ് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എം എം എം മണി. പാലായില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേയാണ് എം എം മണി ഇക്കാര്യം പറഞ്ഞത്. നിഷ രാഷ്ട്രീയ പരിചയമുള്ള മികച്ച നേതാവാണ് എന്നും, അവര്‍ സ്ഥാനാര്‍ത്ഥിയാകാഞ്ഞത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണി അഭിപ്രായപ്പെട്ടു.

നിഷ രാഷ്ട്രീയ പരിചയമുള്ള വനിതയാണ്. രണ്ട്, മൂന്ന് വര്‍ഷമായി അവര്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട് – നിഷയെ പുകഴ്ത്തിക്കൊണ്ട് എം എം മണി പറഞ്ഞു. അതേസമയം പാലായില്‍ യുഡിഎഫ് – ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും എം എം മണി ആരോപിച്ചു.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍സിപിയിലെ മാണി സി കാപ്പനുമാണ്.

പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഔദ്യോഗിക വിഭാഗവും ജോസ് കെ മാണി എംപിയുടെ വിഭാഗവും തമ്മിലുള്ള ശക്തമായ ഗ്രൂപ്പ് പോരിനൊടുവില്‍ രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസഫ് ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമത സ്ഥാനാര്‍ത്ഥിയെ ജോസഫ് വിഭാഗം പിന്‍വലിക്കുകയും ചെയ്തിരുന്നു. ജോസഫിനെ സംബന്ധിച്ച് പാര്‍ട്ടി കൈപ്പിടിയിലൊതുക്കുന്ന ശക്തിപ്രകടനമായിരുന്നു ഇത്.

1965ല്‍ മണ്ഡലം രൂപീകൃതമായത് മുതല്‍, 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ പാലായില്‍ ജയിച്ചത് കെ എം മാണി മാത്രമാണ്. 1965ല്‍ നിയമസഭ കൂടിയിരുന്നില്ല. 1967 മുതല്‍ 2019 ഏപ്രിലില്‍ മരിക്കുന്നത് വരെ പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് കെ എം മാണി മാത്രമാണ്. നിഷ ജോസ് മാണി സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഇതുണ്ടായില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ താനോ ജോസ് കെ മാണിയോ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് നിഷ ജോസ് പറഞ്ഞത്.

കേരള കോണ്‍ഗ്രസ് എം രണ്ട് വിഭാഗങ്ങളായി നില്‍ക്കുന്നത് ഇത്തവണ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ആദ്യമായി മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതേസമയം എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും പാല യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ 23നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍