UPDATES

ട്രെന്‍ഡിങ്ങ്

ഗോഡ്‌സെ ദേശീയവാദി എന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ; ഗാന്ധിയെ ഏത് സാഹചര്യത്തില്‍ കൊന്നു എന്ന് അറിയില്ല

ഏത് സാഹചര്യത്തിലാണ് ഗാന്ധിയെ വധിക്കാനുള്ള തീരുമാനം ഗോഡ്‌സെ എടുത്തത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഞാനോ നിങ്ങളോ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല – ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഉഷ താക്കൂര്‍ പറഞ്ഞു.

പ്രഗ്യ സിംഗ് ഠാക്കൂറിന് പിന്നാലെ മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി മറ്റൊരു ബിജെപി നേതാവ്. മധ്യപ്രദേശിലെ ഡോ.അംബേദ്കര്‍ നഗര്‍ എംഎല്‍എ ഉഷ താക്കൂര്‍ ആണ് ഗോഡ്‌സെ ദേശീയ വാദി ആണ് എന്ന് അഭിപ്രായപ്പെട്ടത്. ജീവിതത്തിലുടനീളം രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഗോഡ്‌സെ എന്ന് ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലാണ് മഹാത്മ ഗാന്ധിയെ വധിക്കാനുള്ള തീരുമാനം ഗോഡ്‌സെ എടുത്തത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഞാനോ നിങ്ങളോ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല – ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഉഷ താക്കൂര്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്‌സെ ദേശഭക്തന്‍ ആണ് എന്ന പ്രഗ്യയുടെ പരാമര്‍ശം വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഗ്യ പിന്നീട് ബിജെപിയോട് മാപ്പ് പറഞ്ഞിരുന്നു.

2014ല്‍ മുസ്ലീങ്ങളെ ഗര്‍ബ നൃത്തം (ഗുജറാത്തി നൃത്തം) കളിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഉഷ താക്കൂര്‍ രംഗത്തെത്തിയിരുന്നു. ഗര്‍ബ ഉത്സവത്തിനിടെ പ്രതിവര്‍ഷം നാല് ലക്ഷം പെണ്‍കുട്ടികള്‍ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യുന്നതായി ഉഷ താക്കൂര്‍ ആരോപിച്ചിരുന്നു. അതേസമയം ബിജെപി നേതാക്കളോട് മാധ്യമങ്ങള്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുകയാണ് ബിജെപി മധ്യപ്രദേശ് അച്ചടക്ക സമിതി അധ്യക്ഷന്‍ ബാബു സിംഗ് രഘുവംശി അഭിപ്രായപ്പെട്ടു.

ALSO READ: രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി; രാത്രി ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള പേരുകളും ഉയരുന്നു

നേരത്തെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പ്രഗ്യ സിംഗ് താക്കൂറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 30,000ല്‍ പരം വോട്ടിനാണ് ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിംഗിനെ പരാജയപ്പെടുത്തി പ്രഗ്യ സിംഗ് ഠാക്കൂര്‍ ലോക്‌സഭയിലെത്തിയത്. ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രഗ്യക്ക് മാപ്പ് നല്‍കില്ല എന്ന് പറഞ്ഞെങ്കിലും സ്‌ഫോടന കേസ് പ്രതിയായ പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ശക്തമായി ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയ ബിജെപി നേതാക്കള്‍ ഗോഡ്‌സെയേയും പ്രഗ്യയേയും ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും ഗോഡ്‌സെ പരാമര്‍ശത്തിന് മുമ്പ് പ്രഗ്യ സിംഗിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു എന്നും അത് മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആയിരുന്നു എന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍ ഗോഡ്‌സെ ദേശഭക്തന്‍ ആണ് എന്ന് പറഞ്ഞത്. ഗോഡ്‌സെയെ ഭീകരനെന്നും തീവ്രവാദി എന്നുമെല്ലാം വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്നും പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു.

അതേസമയം ഉഷ താക്കൂറിനേയും പ്രഗ്യ താക്കൂറിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ പ്രസ്താവനകള്‍ ബിജെപിയുടെ തനിനിറം വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ല അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍