UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയം കുറിച്ച‌് കിസാൻ ലോങ് മാർച്ച‌്; ആവശ്യങ്ങൾ അംഗീകരിക്കാമെന്ന‌് എഴുതി നൽകി സർക്കാർ

സമരം വിജയിച്ചതോടെ വില്ലോളിയിലെ വയലിൽ കർഷകർ സമാപന പൊതുയോഗം ചേർന്നു. 

കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകാരിക്കാമെന്ന‌് മഹാരാഷ്ട്ര സർക്കാർ എഴുതി നല്‍കിയതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് കിസാൻ സഭ നടത്തിവന്നിരുന്ന ലോങ്ങ് മാർച്ച് അവസാനിപ്പിച്ചു. മന്ത്രി ഗിരീഷ‌് മഹാജനുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയിൽ ആവശ്യങ്ങൾ അംഗീകാരിക്കാമെന്ന‌് സർക്കാർ രേഖാമൂലം അറിയിച്ചതോടെ മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു. നാസിക്കിനടുത്ത‌് വിലോളിയിലാണ‌് ചർച്ച നടന്നത‌്. ലോങ് മാർച്ച‌് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണു സർക്കാർ ഇടപെടൽ.

സമരം വിജയിച്ചതോടെ വില്ലോളിയിലെ വയലിൽ കർഷകർ സമാപന പൊതുയോഗം ചേർന്നു. ഡോ. അശോക‌് ധാവ‌്ളെ, ജെ പി ഗാവിറ്റ് എന്നിവർ സംസാരിച്ചു. പകൽ മൂന്നരയോടെയാണ‌് ഉച്ചഭക്ഷണത്തിനായി ജാഥ വിലോളിയിലെത്തിയത‌്.

മഹാരാഷ്ട്രാ സര്‍ക്കാര്‍ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് രണ്ടാം ലോംഗ് മാര്‍ച്ചിന് കിസാന്‍സഭ ആഹ്വാനം ചെയ്തത്. പൊലീസിന്റെ അറസ്റ്റ‌് ഭീഷണിയും തടയാനുള്ള ശ്രമവും അവഗണിച്ച‌് വ്യാഴാഴ‌്ച രാവിലെ 9.30ന‌് നാസിക്കിലെ മുംബൈ നാക മൈതാനിയിൽനിന്ന‌ാണ‌് മാർച്ച‌് ആരംഭിച്ചത്.

ബുധനാഴ്ചത്തേതിന് സമാനമായി വ്യാഴാഴ‌്ചയും മാർച്ച‌് തടയാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. മുംബൈ നാക മൈതാനിക്കുപുറത്തുവച്ച‌ും മാർച്ച‌് തടയാൻ ശ്രമിക്കുകയായിരുന്നു. പിന്നീട‌് മുംബൈ–-പുണെ ദേശീയ പാതയിൽ വിലോളിയിലും ബാരിക്കേടുകൾ ഉയർത്തി പോലീസ് പ്രതിരോധം സൃഷ്ടിച്ചു. നാൽപ്പതിനായിരത്തിലേറെ കർഷകർ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ പൊലീസ‌് ബാരിക്കേഡുകൾ മാറ്റി വഴിയൊരുക്കി. അതേസമയം തിര‌ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള കർഷക സമരം ഒഴിവാക്കാനായത് ബിജെപി സർക്കാരിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍