UPDATES

സിനിമാ വാര്‍ത്തകള്‍

തമ്പി കണ്ണന്താനം അന്തരിച്ചു

മോഹൻലാലിന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് തമ്പി കണ്ണന്താനം.

മലയാളത്തിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1983 ല്‍ താവളം എന്ന സിനിമയില്‍ ജോഷിയുടെ അസിസ്റ്റന്റായി മലയാള സിനിമാ രംഗത്ത്
അരങ്ങേറ്റം കുറിച്ച തമ്പി കണ്ണന്താനം 80-90 കാലഘട്ടങ്ങളിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാള്‍ കൂടിയായിരുന്നു.

മോഹൻലാലിന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. 2004-ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആരോഗ്യ കാരണങ്ങളാല്‍ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

16 സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്

പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)

അഞ്ച് സിനിമകള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതാ ഒരു തീരം, അട്ടിമറി, മദ്രാസിലെ മോന്‍, തുടര്‍ക്കഥ, എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട് അദ്ദേഹം.

കോട്ടയം സ്വദേശിയായ അദേഹം കാഞ്ഞിരപ്പള്ളിയിലെ ബേബി കണ്ണന്താനം തങ്കമ്മ ദമ്പതികളുടെ മകനായി 1953 ഡിസംബര്‍ 11 നായിരുന്നു ജനനം. കുഞ്ഞുമോള്‍ ആണ് ഭാര്യ. ഐശ്വര്യ, എയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍