UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതി ആയോഗ് യോഗം മമതയും ചന്ദ്രശേഖര്‍ റാവുവും ബഹിഷ്‌കരിച്ചു

നീതി ആയോഗ് കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു ഗുണവുമില്ലെന്നും പണമൊന്നും കിട്ടില്ലെന്നും മമത ബാനര്‍ജി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേരുന്ന നീതി ആയോഗ് യോഗം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ബഹിഷ്‌കരിച്ചു. രാഷ്ട്രപതിഭവനിലാണ് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ അഞ്ചാം യോഗം. നീതി ആയോഗ് കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു ഗുണവുമില്ലെന്നും പണമൊന്നും കിട്ടില്ലെന്നും മമത ബാനര്‍ജി പ്രതികരിച്ചു. ബിജെപിയുമായി ഏറ്റുമുട്ടുന്നതിനിടെയാണ് മമത നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത്. തിരക്കാണെന്നും ജലസേചന പദ്ധതിയുടെ ഉദ്ഘാടനം നടത്താനുണ്ട് എന്നും മറ്റുമാണ് കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞത്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗമാണിത്. കര്‍ഷക പ്രശ്‌നങ്ങള്‍, വരള്‍ച്ച, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ പ്രധാന അജണ്ടയാണ്. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്.ഗവര്‍ണര്‍മാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചന്ദ്രശേഖര്‍ റാവു മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങും ബഹിഷ്‌കരിച്ചിരുന്നു. അതേസമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് ജഗന്‍ വ്യക്തമാക്കിയിരുന്നു. ജഗന്‍ മോദിയേയും അമിത് ഷായേയും കാണുകയും ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബിഹാറിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.

ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയും ആവശ്യപ്പെട്ട മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മോദി മന്ത്രിസഭയില്‍ ചേരേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. ഒരു മന്ത്രി സ്ഥാനം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു ബിജെപിയുടെ നിലപാട്. അതേസമയം ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഒരു മന്ത്രി സ്ഥാനം മാത്രം ബിജെപിക്ക് മാറ്റിവച്ചാണ് നിതീഷ് കുമാര്‍ മറുപടി നല്‍കിയത്. എന്നാല്‍ എന്‍ഡിഎയില്‍ തുടരും എന്ന് നിതീഷ് വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികും ഒഡീഷയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും മുഖ്യമന്ത്രിമാര്‍ക്ക് വിരുന്ന് നല്‍കും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി എന്നിവര്‍ വിരുന്നിനെത്തും. കര്‍ഷക പ്രശ്‌നങ്ങളടക്കം ഇവരുടെ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍