UPDATES

മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യപ്പെടുന്നില്ല, രാജി സന്നദ്ധത അറിയിച്ച് മമത

മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജി വയ്ക്കാന്‍ സന്നദ്ധയാണ് എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ തിരിച്ചടിയുടേയും ബിജെപി മുന്നേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ തനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല എന്ന് മമത ബാനര്‍ജി. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജി വയ്ക്കാന്‍ സന്നദ്ധയാണ് എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. ഞാന്‍ എന്റെ പാര്‍ട്ടിയോട് ഇക്കാര്യം പറഞ്ഞിട്ടണ്ട്. ആറ് മാസമായി എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ അധികാരമില്ലാത്ത ദുര്‍ബലയായ മുഖ്യമന്ത്രിയായിരുന്നു. എനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല. കസേര എന്നെ സംബന്ധിച്ച് ഒന്നുമല്ല. പാര്‍ട്ടി ചിഹ്നമാണ് എനിക്ക് ഏറ്റവും പ്രധാനം – മമത പറഞ്ഞു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ 22 സീറ്റിലേയ്്ക്ക് ചുരുക്കിയ ബിജെപി ഇത്തവണ ബംഗാളില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ 17 ശതമാനം വോട്ടും രണ്ട് സീറ്റുമുണ്ടായിരുന്ന ബിജെപി ഇത്തവണ 40 ശതമാനം വോട്ടും 18 സീറ്റും നേടി. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ മേഖലകളിലെ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തു. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളില്‍ നാലും ബിജെപി നേടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 11ന്റെ ആദ്യ ഘട്ടം മുതലുള്ള വോട്ടെടുപ്പുകളില്‍ വ്യാപക സംഘര്‍ഷങ്ങളാണ് ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്നത്. ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യാപക സംഘര്‍ഷം മൂലം ഒരു ദിവസം നേരത്തെ ബംഗാളില്‍ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് മമതയ്ക്കുണ്ടാക്കിയത്. ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഏറ്റവും ശക്തമായ പ്രചാരണം നടത്തിയ നേതാവാണ് മമത ബാനര്‍ജി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും രാജി വയ്ക്കാന്‍ മമത സന്നദ്ധത അറിയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനര്‍ജിയും തമ്മിലുണ്ടായ വാക്‌പോരും പരസ്പരമുള്ള വെല്ലുവിളികളും ശ്രദ്ധേയമായിരുന്നു. ബംഗാളിലെ ബിജെപി മുന്നേറ്റത്തിന്റെ അപകടം തിരിച്ചറിഞ്ഞ മമത കഴിഞ്ഞ രണ്ട് വര്‍ഷമായ ശക്തമായ പ്രചാരണം നടത്തിവരുന്നുണ്ടെങ്കിലും ബിജെപിയുടെ മുന്നേറ്റം തടയാനായില്ല. മമതയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള സിബിഐ നടപടികളടക്കം മമതക്കെതിരായ മോദിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപ്പാക്കപ്പെട്ടത്. സുപ്രീം കോടതിയിലും മമതയ്ക്ക് തിരിച്ചടിയേറ്റു.

ഇപ്പോള്‍ മോദി കൂടുതല്‍ സീറ്റുകളോടെയും കരുത്തോടെയും അധികാരത്തുടര്‍ച്ച നേടിയിരിക്കുന്ന സാഹചര്യത്തില്‍ ഉറപ്പായും തനിക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകാം എന്ന ആശങ്കയും മമതയ്ക്കുണ്ടാകാം. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്നാണ് പ്രചാരണ സമയത്ത് മോദി മമതയോട് പറഞ്ഞത്. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ നേതാവ് മുകുള്‍ റോയ് ഇപ്പോള്‍ പറയുന്നത് തൃണമൂലിന്റെ 143 എംഎല്‍എമാരുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ്. തൃണമൂലിന്റെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുന്ന സാചര്യത്തിലാണ് രാജി സന്നദ്ധത അറിയിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോകുന്നു എന്ന് മമത ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് ഈ ആരോപണം പൂര്‍ണമായും തള്ളിക്കളയുന്നതുമല്ല.

തൃണമൂലിന്റെ 143 ‘തോറ്റ’ എംഎല്‍എമാരുമായി ചര്‍ച്ചയിലെന്ന് മുകുള്‍ റോയ്; കാലാവധി തികയ്ക്കും മുമ്പ് മമതയെ ബിജെപി വീഴ്ത്തുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍