UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയിലെ രാമക്ഷേത്രത്തിന് സ്വര്‍ണ ഇഷ്ടിക സംഭാവന ചെയ്യുമെന്ന് മുഗള്‍ ചക്രവര്‍ത്തി എന്ന് അവകാശപ്പെടുന്നയാള്‍

അതേസമയം ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ അവകാശി താനാണ് എന്നും അത് തനിക്ക് കൈമാറണമെന്നും ഹബീബുദ്ദീന്‍ ടൂസി ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സ്വര്‍ണ ഇഷ്ടിക സംഭാവന ചെയ്യുമെന്ന് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ പിന്മുറക്കാരന്‍ എന്ന് അവകാശപ്പെടുന്ന ഹബീബുദ്ദീന്‍ ടൂസി. അതേസമയം ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ അവകാശി താനാണ് എന്നും അത് തനിക്ക് കൈമാറണമെന്നും ഹബീബുദ്ദീന്‍ ടൂസി ആവശ്യപ്പെട്ടു.

1526ല്‍ ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ആണ് അയോധ്യയില്‍ മസ്ജിദ് പണി കഴിപ്പിച്ചത്. ബാബറിന്റെ പിന്മുറക്കാരനായ താനാണ് ഈ ഭൂമിയുടെ അവകാശി എന്ന് ഹബീബുദ്ദീന്‍ വാദിക്കുന്നു. സുപ്രീം കോടതി ഈ ഭൂമി തനിക്ക് തരുകയാണെങ്കില്‍ അത് രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുതരാം എന്നാണ് ഹബീബുദ്ദീന്‍ പറയുന്നത്. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം വേണം എന്ന് വിശ്വസിക്കുന്നവരുടെ വികാരത്തിനൊപ്പമാണ് താനെന്നും ഹബീബുദ്ദീന്‍ പറഞ്ഞു. അതേസമയം ഹബിബുദ്ദീന്‍ ടൂസിയുടെ പെറ്റീഷന്‍ സുപ്രീം കോടതി ഇനിയും പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

മുഗള്‍ രാജവംശത്തിന്റെ ഭൂമി ആയതിനാലാണ് ഈ ഭൂമിയുടെ ഉടമകളെന്ന് തെളിയിക്കുന്ന രേഖകള്‍ ആരുടേയും കൈവശമില്ലാത്തത് എന്നും മുഗള്‍ രാജകുടുംബാംഗമായ തന്റെ കയ്യിലുള്ളത് എന്നും ഹബീബുദ്ദീന്‍ ടൂസി വാദിക്കുന്നു. രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന സംഘപരിവാര്‍ വാദമാണ് ടൂസിയ്ക്കുമുള്ളത്. ഹിന്ദുക്കളോട് മാപ്പ് പറയുന്നതായും ടൂസി പറഞ്ഞു.

അയോധ്യയില്‍ ശ്രീരാമന്റെ കുടുംബത്തില്‍പ്പെട്ട ആരെങ്കിലുമുണ്ടോ എന്ന് സുപ്രീം കോടതി നേരത്തെ ചോദിക്കുകയും രാജിസ്ഥാനിലെ ബിജെപി എംപി താന്‍ രാമന്റെ കുടുംബാംഗമാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍