താമസക്കാർക്കുള്ള പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു, സർക്കാർ നടപടികൾക്ക് വേഗമേറുന്നു
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുനുള്ള സർക്കാർ നടപടികൾക്ക് വേഗം കൈവരിക്കുന്നു. ഇന്നലെ രാത്രി ചേർന്ന ഉന്നത തലയോഗം പൊളിക്കൽ നടപടികൾളുടെ ചുമതലത നല്‍കിയ ഫോര്‍ട്ട് കൊച്ചി സബ്കളക്ടർ ചുമതല ഏറ്റെടുത്തു. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു ഫോർട്ട് കൊച്ചി സബ്കളക്ടർ സ്‌നേഹില്‍ കുമാറിന് ഫ്ലാറ്റ് പൊളിക്കൽ നടപടികളുടെ ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10 മണിയോടെ തന്നെ സ്നേഹിൽ കുമാർ ഐഎഎസ് ചുമതല ഏറ്റെടുക്കുകയായിരുന്നു.
അതിനിടെ, മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താമസക്കാർക്കുള്ള പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. മരട് ഫ്ലാറ്റ് കേസിലെ കോടതി ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഇനി സ്വീകരിക്കേണ്ട നടപടികളെകുറിച്ചും സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം. 3 ദിവസത്തിനകം കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടികള്‍ പൂർത്തിയാക്കണമെന്നാണ് മരട് നഗരസഭാ സെക്രട്ടറിക്ക് നൽകിയ നോട്ടിസിലെ നിർദേശം. ഇതിന് പുറമെ പാചകവാതക കണക്‌ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കും കത്തു നൽകും. 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായുളള നടപടികളിലൂടെ ഫ്ലാറ്റിലെ താമസക്കാരുടെ ചെറുത്തുനിൽപ്പിനെ തടയാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ നിർദേശ പ്രകാരമാണ് നിർദേശം.
അതേസമയം, ഇതുവരെയുള്ള എല്ലാ നടപടികളും ഉൾപ്പെടുത്തി ഇന്നുതന്നെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസിൽ അന്തിമ വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേരള ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ശാസിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. സുപ്രീം കോടതിയിൽ സംഭവ വികാസങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ വിശദീകരിച്ചു. നിയമപരമായി ഇനി വലിയ സാധ്യതകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര നടപടികളെടുത്ത് അവ ഉൾപ്പെടുത്തി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാനാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദേശിച്ചത്. എന്നാൽ താമസക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ഒഴിവാക്കാനാണ് വെള്ളം വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കുന്നത്.
അതേസമയം, സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാനുള്ള ചുമതലയില്‍ നിന്ന് മരട് നഗരസഭാ സെക്രട്ടറിയെ നീക്കിയാണ് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസിനാണ് അധിക ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും അവര്‍ക്ക് പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാറിനായിരിക്കും.
അതിനിടെ, ഒഴിപ്പിക്കൽ നോട്ടിസിനെതിരെ താമസക്കാർ നൽകിയ ഹർജികൾ ഇന്നലെ ഹൈക്കോടതി തള്ളി. നിയമം ലംഘിച്ചവർക്കെതിരെയുള്ള മുന്നറിയിപ്പാണ് സുപ്രീം കോടതി വിധിയെന്നായിരുന്നു കോടതിയുടെ പരാമർശം. നിർമാണം അനധികൃതമല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിർമാണം നിയമപ്രകാരമല്ലെന്ന് അറിഞ്ഞിട്ടും റഗുലറൈസ് ചെയ്യാനാകുമെന്നു കരുതിയതാണു പ്രശ്നമെന്ന് വ്യക്തമാക്കിയ കോടതി സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയുന്ന ഹർജിക്കാർക്ക് അതിനെതിരെ എങ്ങനെ നിലകൊള്ളാനാകുമെന്നും ചോദിച്ചു. ബിൽഡർമാരുടെ പക്കൽ നിന്നു നഷ്ടപരിഹാരം തേടാമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലേ എന്നും ഹര്‍ജിക്കാരനോട് ചോദിച്ചു.
ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. ഫ്ളാറ്റ് പൊളിക്കാനുള്ള കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ല എന്നാണ് മനസിലാക്കുന്നത് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് പോംവഴിയില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു.