തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവ് നീതിനിഷേധമാണെന്നും ഫ്‌ളാറ്റ് വിട്ടുപോകില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്.
മരട് മുന്‍സിപ്പാലിറ്റി ഫ്ളാറ്റ് ഉടമകള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് കാണിച്ച് ഇന്നലെ ഉച്ചയോട് നോട്ടീസ് നല്‍കി. തുടര്‍ന്ന് തിരുവോണ ദിവസമായ ഇന്ന് മരട് മുന്‍സിപ്പാലിറ്റിയ്ക്ക് മുമ്പില്‍ നിരാഹാരം കിടക്കുമെന്ന് പറഞ്ഞ ഫ്ളാറ്റ് ഉടമകളുടെ പ്രതിഷേധം രാവിലെ മുതല്‍ ആരംഭിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവ് നീതിനിഷേധമാണെന്നും ഫ്‌ളാറ്റ് വിട്ടുപോകില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്.
ഫ്‌ളാറ്റ് പൊളിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കെന്നാണ് അവര്‍ പറയുന്നത്. അതേസമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. നാലു ഫ്ളാറ്റ് ഉടമകള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നമ്പര്‍ ഇതുവരെ കോടതി രജിസ്ട്രി നല്‍കിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യരുതെന്ന് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. റിട്ട് ഹര്‍ജികളും പുനഃപരിശോധനാഹര്‍ജികളും തള്ളിയ സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് മിശ്രയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് രജിസ്റ്റട്രിയുടെ നടപടിയെന്നാണ് സൂചന.