വാഴക്കർഷകനായ മമ്പുറം വീട്ടിൽ ഷാജി ഹുസൈൻ തോട്ടത്തിൽനിന്ന് വാഴക്കുല വെട്ടി തൊട്ടടുത്ത പച്ചക്കറിക്കടയിൽ കൊടുത്തശേഷം കൊടുവാൾ(മടാൾ)സ്കൂട്ടിയുടെ മുൻഭാഗത്തുവച്ച് സ്വീകരണസ്ഥലത്തേക്ക് പോകുകയായിരുന്നു.
പാലക്കട് ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ പ്രവർത്തകന്റെ മോട്ടോർ സൈക്കിളിൽ നിന്നും വടിവാൾ വീണസംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്. ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ പുലാപ്പറ്റ ബൂത്തുതല സ്വീകരണത്തിനിടെയാണ് എൽഡിഎഫ് പ്രവർത്തകനായ ഷാജി ഹുസൈന്റെ സ്കൂട്ടറിൽ നിന്ന് വടിവാൾ വീണുത്.
എം ബി രാജേഷിന്റെ പുലാപ്പറ്റയിലെ സ്വീകരണം ബുധനാഴ്ച വൈകിട്ട് മണ്ടഴി ഭാഗത്തെ സ്വീകരണസ്ഥലത്തേക്ക് വരികയായിരുന്ന ഷാജി ഹുസൈന്റെ സ്കൂട്ടറിൽ നിന്നാണ് വാൾ വീണത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മാരകായുധങ്ങളുമായുള്ള സംഘം എംബി രാജേഷിനൊപ്പം എന്നതായിരുന്നു പ്രചാരണം. എം ബി രാജേഷും സംഘവും ഉമ്മനഴി സെന്ററില് എത്തിയപ്പോഴായിരുന്നു സംഭവം, വാഹനറാലിയിലെ ഒരു സ്കൂട്ടർ തിരിക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് തട്ടി സ്കൂട്ടി മറിഞ്ഞു. ഇതിനിടെയായിരുന്നു ആയുധം താഴെവീണത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
എന്നാൽ, ഇത് വടിവാളല്ല, കർഷകർ ഉപയോഗിക്കന്ന കൊടുവാളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. കോണിക്കഴിയിലെ വാഴക്കർഷകനായ മമ്പുറം വീട്ടിൽ ഷാജി ഹുസൈൻ തോട്ടത്തിൽനിന്ന് വാഴക്കുല വെട്ടി തൊട്ടടുത്ത പച്ചക്കറിക്കടയിൽ കൊടുത്തശേഷം കൊടുവാൾ(മടാൾ)സ്കൂട്ടിയുടെ മുൻഭാഗത്തുവച്ച് സ്വീകരണസ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്ഥാനാർത്ഥിയുടെ സംഘവുമായി ചേർന്നതാണെന്നും സിപിഎം വാദിക്കുന്നു. മാരകായുധങ്ങളുമായി കലാപമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപിച്ചാണ് കർഷകസമൂഹത്തെയാകെ അപമാനിക്കുംവിധം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് സിപിഎമ്മിന്റെ വാദം.
ആരോപണ വിധേയനായ ഷാജി ഹുസൈൻ കർഷകനാണെന്നും അദ്ദേഹത്തിന്റെ പേരിൽ നാളിതുവരെ പെറ്റികേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ പരാതി കിട്ടിയതിനാൽ സംഭവം പൊലീസ് അന്വേഷിക്കുകയും കർഷകന്റെയും പച്ചക്കറിവ്യാപാരിയുടെയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കുഴപ്പമുണ്ടാക്കാൻ ശ്രമമുണ്ടായതായി തെളിവില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി പി എസ് സാബു പറഞ്ഞതായി ദേശാഭിമാനി റിപ്പോട്ടുചെയ്യുന്നു.