UPDATES

സിനിമ

അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തിയത് ദിവ്യ ഗോപിനാഥിനെതിരെ; നിരവധി സ്ത്രീകളോട് അതിക്രമം കാട്ടിയെന്നും വെളിപ്പെടുത്തല്‍

ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍ ആണ് ദിവ്യ ആദ്യമായി അലന്‍സിയറിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടന്‍ അലര്‍സിയര്‍ ലേക്കെതിരെ ആരോപണം ഉന്നയിച്ച അഭിനേത്രി പേര് വെളിപ്പെടുത്തി രംഗത്ത്. കമ്മട്ടിപ്പാടം, ആഭാസം തുടങ്ങിയ ചിത്രങ്ങളിലും ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിലൂടെയും ശ്രദ്ധേയായ ദിവ്യ ഗോപിനാഥ് ആണ് ഫേസ്ബുക്കിലൂടെ അലന്‍സിയര്‍ക്കെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നോട് മാത്രമല്ല, നിരവധി സ്ത്രീകളോടും അലന്‍സിയര്‍ അതിക്രമം കാട്ടിയിട്ടുണ്ടെന്നും ദിവ്യ പറയുന്നുണ്ട്.

തന്നോട് അപമര്യാദയായി പെരുമാറിയ ശേഷം അത് മറ്റൊരു രീതിയില്‍ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് അലന്‍സിയറിനെതിരെ പരസ്യമായി രംഗത്ത് വരേണ്ട സാഹചര്യം രൂപപ്പെട്ടതെന്നാണ് ദിവ്യ പറയുന്നത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍, താനൊരു തുടക്കക്കാരിയാണെന്നും സ്വയം ഇടം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും ആമുഖമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു നടന്‍ അലന്‍സിയര്‍ ഒരു സിനിമ സെറ്റില്‍ വെച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച വിവരം ദിവ്യ വെളിപ്പെടുത്തിയിരുന്നത്.

ഒരു പെണ്‍കുട്ടി അവര്‍ക്കുണ്ടായ ദുരനുഭവം സത്യസന്ധമായി പറയുമ്പോള്‍ പേര് വെളിപ്പെടുത്തിയില്ല എന്ന് വിമര്‍ശനം ഉന്നയിക്കുന്നവരോട് താന്‍ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നെങ്കില്‍ നിങ്ങള്‍ എനിക്കു വേണ്ടി എന്തു ചെയ്തു തരുമായിരുന്നുവെന്നാണ് ദിവ്യ ചോദിക്കുന്നത്. അവള്‍ തരണം ചെയ്തു പോയ അനുഭവം നല്‍കിയ മെന്റല്‍ ട്രോമ തുറന്നു പറഞ്ഞ സമയം അവളുടെ കൂടെ നിന്നില്ലെങ്കില്‍ ഇതൊരു ഫാബ്രിക്കേറ്റഡ് സ്‌റ്റോറി ആണെന്ന് പറഞ്ഞു അവള്‍ക്കെതിരെ തെറി വിളിക്കുന്ന ചേട്ടന്മാരെ ഇതൊക്കെ ഭയങ്കര വിഷമമുള്ള കാര്യമാണ്; തന്നെ വിമര്‍ശിച്ചവരോട് ദിവ്യ പറയുന്നു.

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കംമുതല്‍ തന്നെ സമീപിച്ചത്. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ അലന്‍സിയര്‍ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായിരുന്നു പിന്നീടെന്നും ദിവ്യ പറഞ്ഞിരുന്നു.

ഇയാള്‍ മറ്റൊരു സിനിമയുടെ സെറ്റില്‍ കുറച്ചുനാള്‍ മുമ്പ് പോയിട്ട് ആഭാസത്തിലെ പെണ്‍കുട്ടികളെ യൂസ് ചെയ്യുകയായിരുന്നുവെന്ന് സന്തോഷത്തോടെ പറഞ്ഞ് നടന്നു. അത് കേട്ട ഒരാള്‍ ചെന്ന് ആഭാസത്തിന്റെ സംവിധായകനോട് ഇക്കാര്യം ചോദിച്ചു. അവിടെ അലന്‍സിയര്‍ ചേട്ടന്‍ പൊളിക്കുകയായിരുന്നെന്നാണല്ലോ കേട്ടത്. പെണ്‍പിള്ളാരെല്ലാം അലന്‍സിയര്‍ ചേട്ടന്റെ പുറകെയായിരുന്നെന്നാണല്ലോ കേട്ടത് എന്നും ചോദിച്ചു. ഇത് അറിഞ്ഞാണ് ഞാന്‍ അലന്‍സിയര്‍ ചേട്ടനെ വിളിച്ച് തെറിപറഞ്ഞത്.

ഇത്രയും കഷ്ട്ടപ്പെട്ടു എന്തിനാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത് നിങ്ങള്‍ ചോദിക്കും. എനിക്ക് അഭിനയത്തോട് വളരെ ആത്മബന്ധം ആണുള്ളത്. ഒരു കഥാപാത്രം ചെയ്തു കഴിയുമ്പോള്‍ എനിക്ക് കിട്ടുന്ന പ്ലെഷര്‍ മറ്റൊരു ജോലിക്കും കിട്ടിയിട്ടില്ല. ഞാന്‍ സന്തോഷം കണ്ടെത്തുന്ന ഒരു ഫീല്‍ഡ് ഏതാണെന്നു കണ്ടെത്താന്‍ ആയത് കൊണ്ടാണ് .സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്; ദിവ്യ പറഞ്ഞു.

ദിവ്യ തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം

ഒരു പെൺകുട്ടി അവൾക്കുണ്ടായ അനുഭവങ്ങൾ സത്യമായി എഴുതി, ലോകത്തോട് അറിയിക്കാൻ ശ്രമിക്കുമ്പോൾ അജ്ഞാതയായി എഴുതിയതിനെ കുറ്റം പറയാൻ ശ്രമിക്കുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്. പേര് വെളിപ്പെടുത്തി എഴിതിയിട്ട് നിങ്ങൾ എന്താണ് അവൾക്ക് കൊടുക്കാൻ പോകുന്നത്. പോസിറ്റീവായി എന്തെങ്കിലും അവൾക്ക് നിങ്ങൾ കൊടുക്കുമോ.

ഒരുപാട് ആഗ്രഹിച്ച് ചെയ്യുന്ന ജോലിയാണ് അഭിനയം. രക്ഷിതാക്കളുടെ സമ്മതംവാങ്ങി ഈ ഫീൽഡിൽ നിൽക്കാൻ തയാറായി വരുമ്പോൾ അനുവഭിക്കേണ്ടിവന്ന കുറെ പ്രശ്നങ്ങൾ ശക്തമായി തന്നെ തരണം ചെയ്തെങ്കിലും പിന്നീട് ലോകത്തോട് പറയണമെന്ന് തോന്നി. അപ്പോൾ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ ആ ആരോപണമെല്ലാം തെറ്റാണെന്നും ഉണ്ടാക്കിയതാണെന്നുമൊക്കെ പറയുന്നത് വിഷമമുള്ള കാര്യമാണ്.

എംകോം കഴിഞ്ഞ സ്റ്റുഡന്റാണ്. തിയറ്റർ ബന്ധമുണ്ട്. അഭിനയത്തോടുള്ള താൽപര്യമാണ് ഇവിടെ തുടരാൻ കാരണം. ഒരു കഥാപാത്രം അവതരിപ്പിച്ചുകഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷം എനിക്ക് മറ്റൊന്നിൽ നിന്നും കിട്ടിയിട്ടില്ല. എന്റെ മനസിന് സന്തോഷം കണ്ടെത്തുന്ന ഫീൽഡ് ഏതാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നത്. അല്ലാതെ നിങ്ങൾ പറയുന്നപോലെ മറ്റൊന്നിനുമല്ല.

‘നീ നിന്നു കൊടുത്തിട്ടല്ലേ.. സുഖം അനുഭവിച്ചിട്ട് ഇപ്പോൾ വന്നുപറയുന്നു’ എന്നൊക്കെ പറയുന്ന ചേട്ടൻമാരോട്- നിന്ന് കൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് എല്ലാം തുറന്നെഴുതിയത്. നടൻ അലെൻസിയർ ലേ ലോപ്പസിനെ കുറിച്ചാണ് എഴുതിയത്. ‘ആഭാസം’ സിനിമയ്ക്കിടെയാണ് ദുരനുഭവമുണ്ടായത്.

മറ്റൊരു സെറ്റിൽ പോയി താൻ ആ സിനിമയിലെ പെണ്ണുങ്ങളെ യൂസ് ചെയ്തുവെന്ന് പറഞ്ഞ വിവരം അറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ ഫോൺവിളിച്ച് തെറിവിളിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് സിനിമാ സെറ്റിൽ ചെയ്തതാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം അന്ന് പറഞ്ഞത്. ‘എന്നോട് ക്ഷമിക്കണം. ഞാൻ ഏത് മാനസികാവസ്ഥയിലാണ് അത് ചെയ്തതെന്ന് അറിയില്ല. എന്റെ വിഷമമാണ് മറ്റ് സെറ്റിൽ പോയി പറഞ്ഞത്. കേട്ടവർ ഏതു രീതിയിലാണ് നിങ്ങളോട് വന്ന് പറഞ്ഞതെന്ന് അറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകേട്ടപ്പോൾ വീണ്ടും പറയുന്നത് ശരിയായിരിക്കുമെന്ന് തോന്നി. അദ്ദേഹത്തിന്റെ പ്രായത്തെയും അഭിനേതാവിനെയും വിശ്വസിച്ച ഒരാളാണ് ഞാൻ‌.

WCC അംഗങ്ങളോട് പരാതിപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മീഷനെയും വിവരം അറിയിച്ചു. എന്നാൽ പിന്നീട് പല സെറ്റുകളിലും പെൺകുട്ടികളോട് ഇയാൾ ഇങ്ങനെയാണ് പെരുമാറുന്നതെന്ന് അറിഞ്ഞു. അതറിഞ്ഞപ്പോൾ വളരെ ദേഷ്യം തോന്നി. ഒരു മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നാണ് ചിന്തിച്ചത്. ഇതാണ് എല്ലാം തുറന്നുപറയേണ്ട ശരിയായ സമയം. ഇങ്ങനെയുള്ള മനുഷ്യനെ പുറത്ത് കൊണ്ടുവരേണ്ട സമയമാണിത്. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങളിൽ പ്രതികരിക്കുന്നത് ഒരു മുഖംമൂടിയാണ്. സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്ന വ്യക്തിയെ പുറത്ത് കൊണ്ടുവരണമെന്ന് തോന്നി. അദ്ദേഹത്തിന്റെ ജീവിതം തകർക്കാനോ ഒരു ഉദ്ദേശവുമില്ല. ഞാൻ‌ കടന്നുപോയ സംഘർഷങ്ങൾ ലോകത്തെ എഴുതി അറിയിക്കണമെന്ന് തോന്നി. അതിനാലാണ് എഴുതിയത്.

അമ്മ സെക്രട്ടറി സിദ്ദീഖും കെ.പി.എ.സി ലളിതയും പറഞ്ഞ് ഈ ഫീൽഡിൽ സ്ത്രീകൾക്കെതിരെ അരുതാത്തത് യാതൊന്നും നടക്കുന്നില്ല എന്നാണ്. എന്നാൽ വസ്തുത അതല്ല. തനിക്ക് മാത്രമല്ല. ഭാവിയിൽ ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് ഇത് സംഭവിക്കാം. അതുകൊണ്ട് മക്കളെയോ സഹോദിരമാരെയോ വിടില്ല എന്നു പറയുന്നതിനെക്കാള്‍ അവർക്ക് ഈ മേഖലയിൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്.

ഞാൻ ഇപ്പോൾ ഇതെല്ലാം തുറന്നുപറയുന്നത് കുടുംബത്തിന് വലിയ ഷോക്കാണ്. അച്ഛനോടും അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞു. ഇതറിയുന്ന ബന്ധുക്കൾ അപമാനിതരാകരുത്. തെറ്റിനോട് ധൈര്യപൂർവം പ്രതികരിച്ചയാളാണ് ഞാൻ. വരുംതലമുറയ്ക്ക് വേണ്ടികൂടിയാണിത്. ഇനി സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നതിന് മുൻപും പലരും പലതവണ ആലോചിക്കണം. ഇതൊന്നും വെറുതെ പറയുന്നതല്ല. തെളിവുകളെല്ലാം കൈയിലുണ്ട്. വളരെ ആലോചിച്ച്  ധീരമായാണ് ഇത് തുറന്നു പറയാനുള്ള തീരുമാനമെടുത്തത്.

അലന്‍സിയര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; ഇരകള്‍ വേറെയും എന്ന് സൂചന

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍