23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ബറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ ജോലി നോക്കുന്നതിനിടെ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍.
മീടു വെളിപ്പെടുത്തലില്‍ കുടുങ്ങി കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്‌ളിക് റേഡിയോ എഡിറ്റര്‍ പല്ലവി ഗോഗോയ് ആണ് പുതിയ ആരോപണത്തിന് പിന്നില്‍. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ബറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ ജോലി നോക്കുന്നതിനിടെ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. വാഷിങ്ങ് ടണ്‍ പോസ്റ്റാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
ഏഷ്യന്‍ ഏജില്‍ തന്റെ ചുമതലയുള്ള പേജുമായി അക്ബറിനെ സമീപിച്ചപ്പോളായിരുന്നു ആദ്യ സംഭവം. പേജ് പരിശോധിച്ച തന്നെ പ്രശംസിച്ച അക്ബര്‍ പിന്നീട് കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓഫീസില്‍ നിന്നും അപമാന ഭാരത്തോടെയായിരുന്നു ഇറങ്ങിയതെന്നും അവര്‍ വാഷിങ്ങ് ടണ്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും അക്ബറില്‍ നിന്ന് കൂടുതല്‍ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വെളിപ്പെടുത്തുന്നു.
ഒരുമാസിക പുറത്തിറക്കുന്നതിന് മുന്നോടിയായി മുംബൈയിലെ താജ് ഹോട്ടലിലേക്ക വിളിച്ച് വരുത്തിയായിരുന്നു രണ്ടാമത്തെ സംഭവം. പേജ് ലേ ഔട്ടിനെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. എന്നാല്‍ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബര്‍ ശ്രമിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്റെ മുഖത്ത് അക്ബര്‍ മാന്തിയെന്നും കരഞ്ഞുകൊണ്ട് താന്‍ ഇറങ്ങിയോടുകയാണ് ഉണ്ടായതെന്നും പല്ലവി പറയുന്നു. ഇതിന് ശേഷം ജയ്പുരില്‍ വച്ചുണ്ടായ കടന്നുകയറ്റം തനിക്ക് ചെറുക്കാന്‍ കഴിഞ്ഞില്ലെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു. മാനസികമായും, ലൈംഗികമായും വാക്കുകള്‍കൊണ്ടുമുള്ള അതിക്രമങ്ങളും പിന്നീടും അക്ബര്‍ തുടര്‍ന്നുവെന്നും പല്ലവി പറയുന്നു.
Those before me have given me the courage to reach into the recesses of my mind and confront the monster that I escaped from decades ago. Together, our voices tell a different truth @TushitaPatel @SuparnaSharma @priyaramani @ghazalawahab
My story https://t.co/DG5dT7TEUU— Pallavi Gogoi (@pgogoi) November 1, 2018
അക്ബറിനെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കുള്ള പിന്തുണയായിട്ടാണ് തന്റെ തുറന്ന് പറച്ചിലെന്നും പല്ലവി പറയുന്നു. കൗമാരക്കാരായ തന്റെ മക്കള്‍ ഇത്തരത്തില്‍ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് തുറന്ന് പറച്ചിലെന്നും പല്ലവി വ്യക്തമാക്കുന്നു. വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ച അക്ബറിനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് 12 വെളിപ്പെടുത്തലുകളാണ് അടുത്തിടെ പുറത്തുവന്നത്. മാധ്യമ പ്രവര്‍ത്തകയായ പ്രിയ രമാനിയാണ് അക്ബറിനെതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ പ്രിയ രമാനിക്കെതിരെ അക്ബര്‍ മാനനഷ്ടപരിഹാരത്തിന് കേസും ഫയല്‍ ചെയ്തിട്ടുണ്ട്.