UPDATES

ബാങ്ക് ലയനം സമ്പദ്‌ വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുമെന്ന് തോമസ് ഐസക്, ശനിയാഴ്ച കരിദിനം ആചരിക്കുമെന്ന് ബാങ്ക് യൂണിയനുകൾ

കേന്ദ്രം പ്രഖ്യാപിച്ച ലയനം, രാജ്യത്ത് നിലവിലുള്ള ആയിരക്കണക്കിന് ബാങ്ക് ശാഖകൾ അടച്ചുപൂട്ടാനും നൽകി വരുന്ന സേവനം കുറയാനും മാത്രമേ സഹായിക്കുകയുള്ളു എന്ന് സംഘടനകൾ

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പൊതുമേഖല ബാങ്കുകളുടെ വന്‍ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ ലയനം സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം. ഗ്രാമങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കുന്നത് പ്രാദേശികവികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതിരിച്ചു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നില നിൽക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നില്ല ലയനം നടപ്പിലാക്കേണ്ടത്. ഇപ്പോഴത്തെ നടപടി ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു..

അതേസമയം, കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ശനിയാഴ്ച ബാങ്ക് യൂണിയനുകളുടെ ഐക്യവേദി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലി ചെയ്ത് കരിദിനമായാചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേന്ദ്രം പ്രഖ്യാപിച്ച ലയനം, രാജ്യത്ത് നിലവിലുള്ള ആയിരക്കണക്കിന് ബാങ്ക് ശാഖകൾ അടച്ചുപൂട്ടാനും നൽകി വരുന്ന സേവനം കുറയാനും മാത്രമേ സഹായിക്കുകയുള്ളു എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എസ് ബി ടി യുൾപ്പെടെയുള്ള 5 ബാങ്കുകൾ ലയിപ്പിച്ച ശേഷം എസ്.ബിഐ യിൽ സംഭവിച്ചതാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. എസ്.ബിഐയുടെ നൂറുകണക്കിന് ശാഖകൾ അടച്ചു പൂട്ടുന്നതും 42 ലക്ഷം സാധാരണ എക്കൗണ്ടുടമകൾ എക്കൗണ്ട് അവസാനിപ്പിച്ചതും സേവന നിരക്കുകൾ വർദ്ധിച്ചതും കേരളത്തിൽ വായ്പാ നിക്ഷേപ അനുപാതം കുത്തനെ കുറഞ്ഞതുമെല്ലാമാണ് എസ് ബി ടി യുൾപ്പെടെയുള്ള 5 ബാങ്കുകൾ ലയിപ്പിച്ച ശേഷം സംഭവിച്ചതെന്നും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ആരോപിക്കുന്നു.

വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളി ഭീമമായ നഷ്ടം സഹിക്കുന്ന ബാങ്കുകൾക്ക് ലയനമല്ല പരിഹാരം. നിയമങ്ങൾ കർശനമാക്കുകയും അതിവേഗ കോടതി നടപടികളും വേണം. മനഃപൂർവ്വം കുടിശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കണം. ലയനം വഴി പൊതുമേഖലാ ബാങ്കുകളുടെ മാർക്കറ്റ് വിഹിതം കുറക്കാനാണ് വഴിയൊരുങ്ങുക.

നോട്ട് നിരോധനത്തിന്റെ ആഘാതവും രാജ്യത്തെ ഗുരുതര പ്രതിസന്ധിയും പരിഹരിക്കുന്നതിന് ലയന നടപടി ഒരു തരത്തിലും സഹായകമല്ലെന്നും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ഭാരവാഹികൾ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍