UPDATES

ജാതി സംവരണത്തെക്കുറിച്ച് ചര്‍ച്ച വേണമെന്ന് വീണ്ടും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്‌

ജാതി സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും ആര്‍എസ്എസ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ജാതി സംവരണം സംബന്ധിച്ച് പുനപരിശോധന വേണമെന്ന അഭിപ്രായവുമായി വീണ്ടും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. ജാതി സംവരണം സംബന്ധിച്ച് സൗഹാര്‍ദ്ദപരമായ ചര്‍ച്ച വേണം എന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ജാതി സംവരണത്തിനെതിരെ 2015ല്‍ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഈ പ്രസ്താവന ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു. എന്നാല്‍ പിന്നീട് ജാതി വിവേചനം നിലനില്‍ക്കുന്ന കാലത്തോളം സംവരണം ആവശ്യമാണ് എന്ന് മോഹന്‍ ഭഗവത് നിലപാട് മാറ്റിയിരുന്നു.

ജാതി സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും ആര്‍എസ്എസ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും മോഹന്‍ ഭഗവത് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള അജണ്ട ആര്‍എസ്എസിനില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സര്‍ക്കാരിലുള്ളവര്‍ ആര്‍എസ്എസുകാരാണ് എന്ന് കരുതി, ആര്‍എസ്എസിനോട് വിയോജിക്കാനുള്ള അവരുടെ അവകാശം ഇല്ലാതാകുന്നില്ല – ഭഗവത് പറഞ്ഞു. അതേസമയം മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല രംഗത്തെത്തി.

മോഹന്‍ ഭഗവതിന്റെ പ്രസ്താവന ദലിത്, പിന്നാക്ക വിരുദ്ധമായ ആര്‍എസ്എസിന്റേയും ബിജെപിയുടേയും യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതായി കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന, ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍