UPDATES

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മുംബയ് ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ലൈംഗിക പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ കോടതി തടഞ്ഞു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച മുംബയ് ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ഈ ഉത്തരവിട്ടിരിക്കുന്നത്. ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് പരിഗണിക്കുക. പ്രത്യേക അഭിഭാഷകനെ വെക്കണമെന്ന ആവശ്യം പരാതിക്കാരി മുമ്പോട്ടു വെച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

വിശദമായി വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനമെന്ന് അറിയുന്നു. ഇത് വളരെ പ്രധാനപ്പെട്ട കേസായാണ് കോടതി മനസ്സിലാക്കുന്നത്. യുവതിക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും കോടതി കരുതുന്നുണ്ട്.

പരാതിക്കാരിയായ യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഗള്‍ഫിലേയ്ക്കുള്ള ടൂറിസ്റ്റ് വിസയാണ് അയച്ചത്. ബിനോയിയുടെ ഇ മെയിലില്‍ നിന്നാണ് വിസ അയച്ചിരിക്കുന്നത്. പ്രോസിക്യൂഷന് പുറമെ തനിക്ക് അഭിഭാഷകന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

ബിനോയിയ്ക്ക് ജാമ്യം നല്‍കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ബിനോയിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു. മുംബയ് അന്ധേരിയിലെ ഫ്‌ളാറ്റില്‍ ബിനോയിക്കൊപ്പം താമസിച്ചതിന്റേ രേഖകളും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പിയും യുവതി നേരത്തെ പൊലീസിന് കൈമാറിയിരുന്നു. അതേസമയം വിവാഹരേഖ വ്യാജമാണ് എന്നാണ് ബിനോയിയുടെ വാദം. കുട്ടിയുടെ പിതാവ് താനല്ല എന്ന് പറയുന്ന ബിനോയ് പക്ഷെ ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.

ഒളിവിലുള്ള ബിനോയിയ്ക്ക് വേണ്ടി കേരളത്തില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതേസമയം പരാതിക്കാരിയായ യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് ആണ് എന്ന് പറയുന്നത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണ് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ആദ്യം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബിനോയ് യുവതിയുടെ ഭര്‍ത്താവാണ് എന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജിന്റെ കോപ്പിയും വന്നു.

കുട്ടിയെ വളര്‍ത്തുന്നതിനും ജീവിത ചിലവിനുമായി യുവതി അഞ്ച് കോടി രൂപ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണനും ബിനോയിയും മുംബൈയിലെത്തി യുവതിയെ കണ്ട് സംസാരിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ ബിനോയ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണന് ബിനോയിയും യുവതിയുമായുള്ള പ്രശ്‌നം സംബന്ധിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ബിനോയിയെ താനോ പാര്‍ട്ടിയോ ഒരു തരത്തിലും സഹായിക്കില്ല എന്നും ഇത് ബിനോയിയുടെ വ്യക്തിപരമായ കാര്യമാണ് എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിദേശത്തേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് കാണുന്നുണ്ട്. അതേസമയം ബിനോയിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍