UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ജാതീയ അധിക്ഷേപം മൂലമെന്ന് പരാതി

മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി അധിക്ഷേപങ്ങളുമായി പായലിനെ മാനസിക പീഡനത്തിന് ഇരയാക്കിയതായി അമ്മ പരാതിയില്‍ പറയുന്നു.

മുംബയ് മെഡിക്കല്‍ വിദ്യാര്‍ത്ഥി പായല്‍ താഡ്വി ആത്മഹത്യ ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി അധിക്ഷേപം നടത്തിയതുകൊണ്ടെന്ന് പരാതി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനിന് നല്‍കിയ കത്തിലാണ് പായലിന്റെ അമ്മ ഇക്കാര്യം പറയുന്നത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥിയായ പായല്‍ താഡ്വിയാണ് ജീവനൊടുക്കിയത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി അധിക്ഷേപങ്ങളുമായി പായലിനെ മാനസിക പീഡനത്തിന് ഇരയാക്കിയതായി അമ്മ പരാതിയില്‍ പറയുന്നു. അതേസമയം കത്ത് നല്‍കിയിട്ടുണ്ടെന്ന് അമ്മ പറയുമ്പോള്‍ ഇത്തരമൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നാണ് ഡീന്‍ പറയുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പായല്‍ താന്‍ നേരിടുന്ന പീഡനം സംബന്ധിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പായലിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഈ മൂന്ന് പേരായിരിക്കും എന്ന് പറഞ്ഞാണ് ഡിന്‍ ആയ ഡോ.രമേഷ് ഭാര്‍മലിന് അമ്മ കത്ത് നല്‍കിയത്. അതേസമയം നേരിട്ട് കണ്ട് സംസാരിക്കാന്‍ അനുവദിച്ചില്ല. പായലിനെ കാണാന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല എന്നും കാന്‍സര്‍ രോഗിയായ അമ്മ പറയുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശ്രമമില്ലാത്ത ജോലി മൂലം പായലിന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പായല്‍ താഡ്വിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡോ.ഹേമ അഹൂജ, ഡോ.ഭക്തി മെഹര്‍, ഡോ.അങ്കിത ഖണ്ഡിവാള്‍ എന്നിവര്‍ക്കെതിരെയാണ് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം, ആന്റി റാഗിംഗ് ആക്ട് തുടങ്ങിയവ ചുമത്തി കേസെടുത്തത്. തനിക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല എന്നും കിട്ടിയിരുന്നെങ്കില്‍ ഉടന്‍ തന്നെ ആന്റി റാഗിംഗ് കമ്മിറ്റി വഴി നടപടി സ്വീകരിക്കുമായിരുന്നു എന്നുമാണ് ഡീന്‍ പറയുന്നത്. ആരോപണവിധേയരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുമ്പ് റാഗിംഗുമായി ബന്ധപ്പെട്ട പരാതികളൊന്നും വന്നിട്ടില്ലെന്നും ഡീന്‍ പറയുന്നു. ഏതായാലും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍