UPDATES

ബിനോയ് കോടിയേരിക്കെതിരെ പീഡനത്തിന് കേസെടുത്തതായി സ്ഥിരീകരിച്ച് മുംബയ് പൊലീസ്; ഉടന്‍ ചോദ്യം ചെയ്തേക്കും

പാര്‍ട്ടി നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ പാടില്ല എന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതായി മുംബയ് പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ബിനോയിക്കെതിരെ കേസെടുത്തതായി മുംബയ് പൊലീസ് വക്താവ് മഞ്ജുനാഥ് പറഞ്ഞു. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകീട്ട് കണ്ണൂരെത്തിയിരുന്നു. യുവതി പരാതി നല്‍കിയിരിക്കുന്ന ഓഷിവാര സ്‌റ്റേഷനിലെ എസ്‌ഐമാരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ് പിയെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു.

അന്ധേരി കോടതിയില്‍ ബിനോയിക്കെതിരായ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയെടുപ്പ് കഴിഞ്ഞാല്‍ ബിനോയിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനോയ് കോടിയേരിയെ മുംബയ് പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ 13നാണ് ബിനോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതി നേരത്തെ ഇക്കാര്യം സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ പ്രശ്‌നമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ പാടില്ല എന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍