UPDATES

മുത്തൂറ്റ്: മന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം, തൊഴിലാളി സമരം തുടരും, തുടർനടപടികൾ ഓണത്തിന് ശേഷമെന്ന് തൊഴില്‍ മന്ത്രി

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍

മുത്തൂറ്റ് ഫിനാന്‍സിലെ പ്രശ്ന പരിഹാരത്തിന് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമായിട്ടില്ലെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്‍. മാനേജ്‌മെന്റിന്റെ ഭാഗത്തും ട്രേഡ് യൂണിയന്റെ ഭാഗത്തും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ട ചില വിഷയങ്ങളുണ്ട്. എന്നാൽ ചില വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്, ഓണം കഴിഞ്ഞ് വീണ്ടും ചര്‍ച്ച നടത്തുമെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ സമരം തുടരുമെന്നാണ് റിപ്പോർട്ട്.

21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായാണ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതാക്കളുമായി തിങ്കളാഴ്ച ചർച്ച നടത്തിത്. ഇതുവരെ മാനേജ്മെന്റ് സന്നദ്ധമായിരുന്നില്ല. മുമ്പ് സര്‍ക്കാര്‍ ഇടപെട്ട് വിളിച്ച ചര്‍ച്ചക്ക് മാനേജ്മെന്റ് ഹാജരായിരുന്നില്ല. തിങ്കളാഴ്ചയിലെ ചര്‍ച്ചക്ക് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചര്‍ച്ചയില്‍ പങ്കെടുക്കാതെ മടങ്ങുകയും ചെയ്തിരുന്നു.

അതിനിടെ, മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ പ്രതികരിച്ചിരുന്നു. മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുന്നതിനിടെയായിരുന്നു മുത്തൂറ്റ എംഡിയുടെ പ്രതികരണം. ഇപ്പോഴുള്ളത് തൊഴിൽ തർക്കമല്ല ക്രമസമാധാന പ്രശ്നമാണ്. സമരം മുന്നോട്ടു പോയാൽ കൂടുതൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും നിലവിൽ 43 ബ്രാഞ്ചുകൾ പൂട്ടുന്നതിന് ആർബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നുമായിരുന്നു എംഡിയുടെ നിലപാട്.

സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും സമവായ ചർച്ച നടത്തിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍