UPDATES

ട്രെന്‍ഡിങ്ങ്

വിവാദങ്ങൾക്കിടെ 15 ശാഖകൾ ഇന്നുമുതല്‍ പൂട്ടുന്നെന്ന് മുത്തൂറ്റിന്റെ പരസ്യം, സമരം തീർക്കാൻ ചർച്ച

അടച്ചുപൂട്ടുന്ന ശാഖകളിൽ നിന്നും ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു.

മൂത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്ക് തുടരുന്നതിനിടെ ശാഖകൾ അടച്ച് പൂട്ടാൻ നീക്കവുമായി മാനേജ്മെന്റ്. സംസ്ഥാനത്തെ 15 ശാഖകൾ ഇന്ന് മുതൽ പ്രവർത്തനം നിർത്തുന്നെന്നാണ് മുത്തൂറ്റ് ഫിനാൻസിന്റെ അറിയിപ്പ്. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂത്തൂറ്റിൽ സമരം തുടരുകയാണെങ്കിൽ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ, കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് അറിയിപ്പിൽ പറയുന്നത്. എന്നാൽ ശാഖകൾ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, അടച്ചുപൂട്ടുന്ന ശാഖകളിൽ നിന്നും ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുക്കുന്നതിനും വായ്പകൾ തീർക്കാനും ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നാണ് പരസ്യം വ്യക്തമാക്കുന്നത്.

അതേസമയം, മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നോണ്‍ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കീഴിൽ നടത്തുന്ന സമരം ഇതുവരെ തീരാത്ത സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടുന്നു. പ്രഴ്നപരിഹാരത്തിനായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാരെ സമരക്കാർ തടയുന്നുവെന്ന് ആരോപിച്ച് ഇന്നലെ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ്ജ് അലക്സാണ്ടർ കൊച്ചിയിലെ ഹെഡ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തയതിന് പിന്നാലെയാണ് ചർച്ച.

എന്നാൽ, മുത്തൂറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ശാഖകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധരായി ദിവസേന വരുന്നുണ്ടെങ്കിലും സി.ഐ.ടി.യു സമരാനുകൂലികള്‍ അവരെ ഭീഷണിപ്പെടുത്തി ശാഖ തുറക്കാന്‍ അനുവദിക്കാത്ത സ്ഥിതായാണുള്ളതെന്ന് മാനേജ്‌മെന്റ് വിശദീകരണം. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സമരം സ്ഥാപനത്തെ തകർക്കാനാണ് എന്നുമാണ് മാനേജ്മെന്‍റ് നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍