UPDATES

ശബരിമല: പിണറായിയെ തള്ളി എംവി ഗോവിന്ദന്‍; ജനങ്ങളെ കാര്യം ബോധ്യപ്പെടുത്താനായില്ല, അത് തിരിച്ചടിയായി

വിശ്വാസിയേയും അവിശ്വാസിയേയും കൂടെ നിര്‍ത്താതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് പാര്‍ട്ടിക്ക്. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന പരോക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തിയേ മുന്നോട്ട് പോകാനാവൂ എന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസിയേയും അവിശ്വാസിയേയും കൂടെ നിര്‍ത്താതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് പാര്‍ട്ടിക്ക്. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ എസ് ടി എ ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സവര്‍ണ ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണൂരും കാസറഗോഡും അടക്കം വിവിധ മണ്ഡലങ്ങളിലുണ്ടായ തോല്‍വികള്‍ വിശദമായി പരിശോധിക്കപ്പെടണം. എതെല്ലാം തലത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകള്‍ പറ്റിയെന്ന് വിലയിരുത്തണം. തെറ്റുകള്‍ തിരുത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് സിപിഎം മുന്നോട്ടുപോകേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഉത്തരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഈ താല്‍ക്കാലിക തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിക്ക് കരകയറാനാകൂ. മതവും വിശ്വാസവും അവസാനിപ്പിക്കണമെന്ന് സിപിഎം പറയുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം അനുഭാവികളില്‍ വലിയ വിഭാഗം വിശ്വാസികളുണ്ട്. താഴെ തട്ടില്‍ പാര്‍ട്ടി അംഗത്വമുള്ളവരില്‍ വിശ്വാസികള്‍ ഏറെയുണ്ട്. അവരെയും ഒപ്പം ചേര്‍ത്തുവേണം മുന്നോട്ടുപോകാന്‍. മോദിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന പ്രചാരണം ഇടതുപക്ഷത്തിന് ദോഷം ചെയ്‌തെന്നും ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ ഗുണം ലഭിക്കേണ്ടിയിരുന്നത് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് തന്റെ ശൈലി ഉണ്ടെന്നും അത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം പറയുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തിരിച്ചടിയേല്‍പ്പിച്ചെന്നായിരുന്നു ധന മന്ത്രി തോമസ് ഐസകിന്റെയും പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തലും ഇതാണ്. ശബരിമല വിഷയവും മറ്റ് പ്രശ്‌നങ്ങള്‍ക്കൊപ്പം തിരിച്ചടിയായി എന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ വലതുപക്ഷത്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എന്നാണ് സിപിഎം വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍