UPDATES

ഷാങ്ഹായ് സഖ്യ ഉച്ചകോടിയില്‍ മോദിയും ഇമ്രാന്‍ ഖാനും പങ്കെടുക്കും; ചര്‍ച്ചയുടെ കാര്യം തീരുമാനമായില്ല

കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലാണ് ജൂണ്‍ 13, 14 തീയതികളില്‍ ഉച്ചകോടി നടക്കുന്നത്.

കിര്‍ഗിസ്താനില്‍ അടുത്ത മാസം നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കും. അതേസമയം ഇരു നേതാക്കളും ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തുമോ എന്ന് കാര്യം വ്യക്തമല്ല. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലാണ് ജൂണ്‍ 13, 14 തീയതികളില്‍ ഉച്ചകോടി നടക്കുന്നത്. രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചിരുന്നു.

ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണവും പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണവും ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ പിടികൂടുകയും വിട്ടയയ്ക്കുകയുമെല്ലാം ചെയ്തിരുന്നു. നിരവധി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാണ് ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുണ്ടായത്.

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഉഭയകകക്ഷി ചര്‍ച്ച പുനരാരംഭിക്കാം എന്നാണ് പ്രതീക്ഷ എന്നും മോദി തിരിച്ചുവരുന്നതാണ് പാകിസ്താന് നല്ലത് എന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ഉഭയകക്ഷി ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയുന്നത് വരെ പാകിസ്താനുമായി ചര്‍ച്ചയില്ല എന്ന നിലപാടിലാണ് ഇന്ത്യ. 2016 ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

വിവിധ ലോകനേതാക്കളെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇമ്രാന്‍ ഖാന് മേയ് 30ന് നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമില്ല. 2014ല്‍ ആദ്യം പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന സമയത്ത് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ മോദി സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മോദി ക്ഷണിക്കുകയും ഷരീഫ് പങ്കെടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍