UPDATES

ട്രെന്‍ഡിങ്ങ്

മോദി – ഷീ ജിന്‍പിങ് ചര്‍ച്ച ഒക്ടോബറില്‍ വരാണസിയില്‍

വുഹാന്‍ ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ അയവ് വന്നതായാണ് മോദി സര്‍ക്കാര്‍ നേട്ടമായി കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും തമ്മിലുള്ള അനൗപചാരിക ചര്‍ച്ച ഒക്ടോബര്‍ 11ന് വരാണസിയില്‍ നടത്താമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യ. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നിര്‍ദ്ദേശം പോസിറ്റീവ് ആയി പരിഗണിക്കുന്നതായി ചൈന അറിയിച്ചു. മോദിയും ഷീയും തമ്മിലുള്ള അനൗപചാരിക ചര്‍ച്ച ആദ്യം നടന്നത് 2018 ഏപ്രില്‍ 27, 28 തീയതികളില്‍ ചൈനയിലെ വുഹാനിലാണ്.

വുഹാന്‍ ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ അയവ് വന്നതായാണ് മോദി സര്‍ക്കാര്‍ നേട്ടമായി കാണുന്നത്. വരാണസി ചര്‍ച്ച മോദിയും ഷീയും തമ്മില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ചര്‍ച്ചയാകും. കിര്‍ഗിസ്താനിലെ ബിഷ്‌കേക്കില്‍ ജൂണ്‍ 13, 14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) ഉച്ചകോടിക്കിടെയും ഇരു നേതാക്കളും അനൗപചാരിക കൂടിക്കാഴ്ച നടത്തും.
മോദിയും ഷീയും തമ്മിലുള്ള ഔപചാരിക ചര്‍ച്ചയ്ക്ക് ചൈന ശ്രമിക്കുന്നുണ്ട്. ബിഷ്‌കേക്കില്‍ ഒരുപക്ഷേ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ച നടന്നേക്കാം.

ALSO READ: ഷാങ്ഹായ് സഖ്യ ഉച്ചകോടിയില്‍ മോദിയും ഇമ്രാന്‍ ഖാനും പങ്കെടുക്കും; ചര്‍ച്ചയുടെ കാര്യം തീരുമാനമായില്ല

2017 ജൂണില്‍ കസാഖ്‌സ്താനിലെ അസ്താനയില്‍ എസ് സി ഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭിന്നതകളില്‍ സംഘര്‍ഷങ്ങളിലേയ്ക്ക് പോകാതെ ശ്രദ്ധിക്കാന്‍ ധാരണയിലെത്തുകയും ചെയ്തു. അസ്താനയിലെ ധാരണ പ്രകാരമാണ് അനൗപചാരിക ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. വുഹാന്‍ ഉച്ചകോടി അടക്കമുള്ളവ വരുന്നുതും ഇങ്ങനെയാണ്. എന്നാല്‍ 2017 സെപ്റ്റംബറില്‍ ഡോക്ലാം സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചു. വുഹാന്‍ ഉച്ചകോടിക്ക് ശേഷം 2018ലും 2019ല്‍ ഇതുവരെയും കാര്യമായ അതിര്‍ത്തി സംഘര്‍ഷങ്ങളുണ്ടായിട്ടില്ല.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ രക്ഷാസമിതിയില്‍ ചൈന തുടര്‍ച്ചയായി തടഞ്ഞതാണ് ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നം. ഇതില്‍ ചൈന അയവ് വരുത്തിയതോടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വഴി തുറന്നു.

ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയെ ഷീ സ്വീകരിച്ചത് സിയാന്‍മെന്‍ പ്രവിശ്യയിലായിരുന്നു. 30 വര്‍ഷം മുമ്പ് ഷീ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭാരവാഹിയായി പ്രവര്‍ത്തനം തുടങ്ങിയ പ്രദേശമാണിത്. തന്റെ മണ്ഡലം എന്ന നിലയ്ക്കാണ് വരാണസിയെ മോദി ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 2014 സെപ്റ്റംബറില്‍ മോദി ഷീയെ അഹമ്മദാബാദിലും ഷീ 2015 മേയില്‍ മോദിയെ സിയാനിലും സ്വീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍