കേരളത്തെ ബാധിച്ച പ്രളയത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവിക സേന. രക്ഷാ പ്രവർത്തനം നടത്തിയ വകയിൽ ബില്ലുകൾ നൽകിയെന്ന റിപ്പോർട്ടുകൾ അവാസ്ഥവമാണെന്നും നാവിക സേന വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള മാധ്യമങ്ങളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഇത് സേനയുടെ ഉത്തരവാദിത്വമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പണം ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സേന 25 കോടി രൂപയുടെ ബില്ല് നൽകിയതായി മുഖ്യമന്തി സഭയെ അറിയിച്ചത്. ഹെലികോപ്റ്റർ, ഭക്ഷ്യധാന്യങ്ങൾ എന്നിവ ഉള്‍പ്പെടെ 209 കോടിയുടെ ബില്ലാണ് കേന്ദ്രം നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
അതേസമയം എയര്‍ ലിഫ്റ്റ് ചാര്‍ജസ് എന്നത് സാങ്കേതികം മാത്രമാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. തുക അടിയന്തിരമായി അടച്ചു തീര്‍ത്ത് രസീത് വാങ്ങുവാനുള്ളതല്ല. ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീര്‍ക്കുകയോ, എഴുതി തള്ളുകയോ, അധിക തുക ആവശ്യപ്പെടുകയോ ചെയ്യാമെന്നും പ്രതിരോധ വക്താന് ധന്യ സനല്‍ പറയുന്നു.
