UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹത്തിൽ ഒരു പല്ല് ഇല്ലായിരുന്നെന്ന് അമ്മയുടെ വെളിപ്പെടുത്തൽ

കേസ് അട്ടിമറിക്കാൻ പോലീസിന്റെ സംഘടിത നീക്കമെന്ന് ആരോപണം.

രേഖകൾ തിരുത്തിയും തെളിവുകൾ നശിപ്പിച്ചും നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ പോലീസ് ഉദ്യോഗസ്ഥർ സംഘടതമായ ശ്രമം നടത്തുന്നെന്ന് ആരോപണം. കസ്റ്റഡിയിലെടുത്ത് വനിതാ പോലീസുകാരാണെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ രാജ് കുമാറിന് ജൂൺ 13 ന് തന്നെ സ്റ്റേഷന്‍ ജാമ്യം നൽകിയിരുന്നെന്നും രേഖകൾ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, കേസിൽ അന്വേഷണം ആരംഭിച്ച പ്രത്യേക സംഘം നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. നടപടികളുടെ ഭാഗമായി വാഗമണിലെ രാജ്കുമാറിന്റെ വീട്ടിലെത്തിയും അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. പീരുമേട് ജയിലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പുമാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.

ജയിലിൽ നിന്നും രാജ് കുമാറിനെ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയും ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ തെളിവ് ശേഖരിച്ചിരുന്നു. രാജ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിരുന്നു. മൃതദേഹത്തില്‍ ചതവുകളുണ്ടായിരുന്നെന്ന് ഡോക്ടര്‍ മൊഴി നൽകിയതായാണ് വിവരം. രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്നും മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ മൊഴി നല്‍കി. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ജൂലൈ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതിനിടെ, മകന്റെ മൃതദേഹത്തിൽ ഒരു പല്ല് ഇല്ലായിരുന്നുവെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരി പ്രതികരിച്ചു. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മകന് ക്രൂര മർദ്ദനമേറ്റതിന്റെ തെളിവുകൾ മൃതദേഹത്തിലുണ്ടായിരുന്നതായി അമ്മയുടെ പ്രതികരണം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. മുന്‍വശത്തെ ഒരുപല്ലും മറ്റൊരു പല്ലിന്റെ പകുതിയും ഇല്ലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് മകന്റെ മൃതദേഹം കണ്ടതെന്നും, ശരീരത്തിന്റെ രൂപംതന്നെ മാറിയിരുന്നെന്നും. മകൻ മരിച്ച വിവരം പോലീസ് എന്നെയോ വീട്ടുകാരെയോ അറിയിച്ചില്ലെന്നും അവർ പറഞ്ഞു.

കോടികൾ തിരിമറി നടത്തിയതായി ഇപ്പോൾ പറഞ്ഞുകേൾക്കുന്നു, മറ്റൊന്നും തങ്ങൾക്ക് അറിയില്ല. തട്ടിപ്പിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണം. എട്ടാംക്ലാസ് വരെ തമിഴ് മീഡിയത്തിലാണ് മകൻ പഠിച്ചത്. പഴയ രീതിയിലുള്ള ഫോണാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ളയാൾ ഇത്രയും വലിയ തട്ടിപ്പ് നടത്തുമെന്ന് കരുതുന്നില്ല. കാലിന് സ്വാധീനക്കുറവുള്ള മകനെ ഓടിച്ചുപിടിച്ചതാണെന്ന പോലീസിന്റെ വാദം നുണയാണെന്നും ഇവർ പറഞ്ഞു.

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍